
ആലപ്പുഴ: ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധനയിൽ രാസലഹരിയുമായി യുവതി ഉൾപ്പടെ മൂന്ന് പേരെ വ്യത്യസ്ത കേസുകളിൽ അറസ്റ്റ് ചെയ്തു. ഏവൂരിൽ വാടകയ്ക്ക് താമസിക്കുന്ന ചേപ്പാട് കണ്ടത്തിൽപറമ്പിൽ നൗഫിയയെ (30) 7.25 ഗ്രാം എം.ഡി.എം.എയുമായി വാടകവീട്ടിൽ നിന്നാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കരീലക്കുളങ്ങര പൊലീസും ചേർന്ന് പിടികുടിയത്. യുവതിക്ക് ലഹരി വിൽപ്പനയുണ്ടെന്ന് മനസിലാക്കി പൊലീസ് മാസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ധാരാളം സ്ത്രീകൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാർ ഇവരുടെ വീട്ടിൽ വന്നു പോകുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇവരുടെ അടുത്ത സുഹൃത്താണ് ലഹരി മരുന്ന് എത്തിച്ചു നൽകിയത്. ഇയാളെ ഉടൻ പിടികുടുമെന്ന് പൊലീസ് പറഞ്ഞു.
തൃക്കുന്നപ്പുഴ പാനൂർ പുത്തൻപുര ജംഗ്ഷനിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും തൃക്കുന്നപ്പുഴ പൊലീസും ചേർന്ന് നടത്തി പരിശോധനയിൽ പല്ലന പുതുവൽ സാജിദ് (25), ആറാട്ടുപുഴ ഇടവീട്ടിൽ കാശിനാഥൻ (19) എന്നിവരെ ഏഴ് ഗ്രാം എം.ഡി.എം.എയുമായി പിടികൂടി.
കായംകുളം ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ സി.ഐ ലാൽ.സി.ബേബി, എസ്.ഐ ശ്രീകുമാരക്കുറുപ്പ്, എസ്.ഐ അജിത്ത്, ഗ്രേഡ് എ.എസ്.ഐ വിനോദ്, അനിഷ് , സീനിയർ സി.പി.ഒ സേതുനാഥ്, ശ്രിജമോൾ, സുബിന , വിഷ്ണു എന്നിവരും നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികുടിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ ഡാൻസാഫ് എസ്.ഐ ജാക്സന്റെ നേതൃത്വത്തിൽ നടത്തുമെന്ന് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |