നിലമേൽ: ചിതറയിൽ 21 കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കടയ്ക്കൽ ചിതറ സൊസൈറ്റി മുക്കിന് സമീപം അഭിലാഷ് ഭവനിൽ ആദർശ് (21) കൊല്ലപ്പെട്ട സംഭവത്തിൽ അച്ഛൻ തുളസി (63), അമ്മ മണിയമ്മാൾ (53), സഹോദരൻ അഭിലാഷ് (25) എന്നിവരെ ചിതറ സി.ഐ എം.രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രി 9 ഓടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ ആദർശിനെ അച്ഛനും അമ്മയും സഹോദരനും ചേർന്ന് വീട്ടിലെത്തിച്ചു. ബഹളം തുടർന്നതോടെ വീട്ടുകാർ കൈ കെട്ടിയിട്ടു. അപ്പോൾ ആദർശ് വീട്ടുകാർക്ക് നേരെ കൊലവിളി മുഴക്കി. തർക്കവും ബഹളവും നീണ്ടു. അതിനിടയിൽ രാത്രി 12 ഓടെ അച്ഛനും സഹോദരനും ചേർന്ന് ആദർശിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൂവരും ചേർന്ന് കൊലപാതകം ആത്മഹത്യയാക്കി ചിത്രീകരിക്കാൻ ഗൂഢാലോചന നടത്തി. അമ്മ മണിയമ്മാളുടെ സഹായത്തോടെ മൃതദേഹം അടുക്കളയ്ക്ക് സമീപത്തെ കിടപ്പുമുറിയിൽ ഷാളിൽ കെട്ടിത്തൂക്കി. രാവിലെ തുളസി മകൻ ആത്മഹത്യ ചെയ്തതായി അയൽവാസികളോട് പറഞ്ഞു. വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചും ഇതേ നുണ ആവർത്തിച്ചു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ ആദർശിന്റെ മൃതദേഹം നിലത്ത് കിടക്കുകയായിരുന്നു. തങ്ങൾ അഴിച്ചിട്ടുവെന്നായിരുന്നു വിശദീകരണം. എന്നാൽ കഴുത്തിൽ ഷാൾ മുറുകിയതിന് പുറമേ കയർ കൊണ്ട് മുറുക്കിയ പാട് കണ്ടെത്തി. ശരീരത്തിൽ ചെറിയ മുറിവുകളും ഉണ്ടായിരുന്നു. ഇതോടെ കൊലപാതകമാണെന്ന സംശയം ഉയർന്നു. അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. മൂവരുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ചോദ്യം ചെയ്യാനായി മൂവരെയും വിട്ടയച്ചു. കഴുത്തിൽ കയർ കൊണ്ട് മറ്റാരോ മുറുക്കിയതാണ് മരണകാരണമെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെ ലഭിച്ചു. ഇതോടെ മൂന്നുപേരെയും വീണ്ടും ചോദ്യം ചെയ്യുന്നതിനിടയിൽ അമ്മ സത്യം വെളിപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |