ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. പലരും ക്യാഷ് ഓൺ ഡെലിവറി (സിഒഡി) എന്ന ഓപ്ഷനായിരിക്കും തെരഞ്ഞെടുക്കുക. ഇതുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ടുലി എന്ന യുവതി.
ലിസ്റ്റുചെയ്തിരിക്കുന്ന ഡെലിവറി കമ്പനികൾക്ക് ഈ തട്ടിപ്പിൽ പങ്കില്ലെന്നും നിരപരാധികളെ ചൂഷണം ചെയ്യാൻ തട്ടിപ്പുകാർ അവരുടെ ശൃംഖല ഉപയോഗിക്കുന്നുണ്ടെന്നും ടുലി തന്റെ വീഡിയോയിൽ വ്യക്തമാക്കി. ആദ്യം വീട്ടിലെ ഒരംഗത്തിന്റെ പേരിൽ പാർസൽ വന്നു. ഓർഡർ നൽകിയിട്ടില്ലെന്ന് പറഞ്ഞുതിരിച്ചയച്ചു. എന്നാൽ പിന്നീട് വീട്ടിലെ മറ്റൊരു അംഗത്തിന്റെ പേരിൽ സമാനമായി തോന്നിക്കുന്ന മറ്റൊരു പാക്കേജ് വന്നതായി ടുലി പറഞ്ഞു.
രണ്ടാം തവണയും വന്നതോടെ കുടുംബത്തിലെ മറ്റാരെങ്കിലും ഓർഡർ ചെയ്തതായിരിക്കുമെന്ന് കരുതി. തുടർന്ന് 700 രൂപ നൽകി പാർസൽ കൈപ്പറ്റുകയും ചെയ്തു. 'ഞങ്ങൾ ആ പാക്കേജ് തുറപ്പോൾ ചൈനീസ് ടെക്സ്റ്റുള്ള എന്തോ ഉണ്ടായിരുന്നു. ഉൽപ്പന്നത്തിലെ ക്യുആർ കോഡ് പോലും സ്‌കാൻ ചെയ്യാൻ കഴിഞ്ഞില്ല, കൊടുത്ത പണം പോയി.'- യുവതി പറഞ്ഞു.
വളരെ പ്ലാനിംഗോടുകൂടിയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നതെന്നും യുവതി വ്യക്തമാക്കി. 'ഏതൊക്കെ വീടുകളിൽ നിന്നാണ് ഇടയ്ക്കിടെ ക്യാഷ് ഓൺ ഡെലിവറിയായി സാധനം ഓർഡർ ചെയ്യുന്നത്, ആരാണ് അവിടെ താമസിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അവരുടെ പക്കലുണ്ട്.' - യുവതി മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |