തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപം യുവാവിനെ നാലംഗ ഗുണ്ടാസംഘം വെട്ടിപ്പരിക്കേല്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു സംഭവം. പൂജപ്പുര റോട്ടറി സ്വദേശി മുഹമ്മദ് അലിക്കാണ് (28) വെട്ടേറ്റത്. കാലിനും കൈവിരലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷന് സമീപത്തെ കടയിൽ ജ്യൂസ് കുടിക്കാനെത്തിയ മുഹമ്മദ് അലിയെ ബൈക്കിലെക്കിയ സംഘം വിളിച്ചുകൊണ്ടുപോയി വളഞ്ഞിട്ട് വെട്ടുകയായിരുന്നു.
മുഹമ്മദ് അലി നിലവിളിച്ചതോടെ ജ്യൂസ് കുടിക്കാൻ എത്തിയവർ ചിതറിയോടി. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ കടന്നിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രദേശത്തെ സി.സി ടിവികൾ പൊലീസ് പരിശോധിച്ചു. സംഘത്തിലുണ്ടായിരുന്ന ആറ്റുകാൽ സ്വദേശിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഫോർട്ട് സ്റ്റേഷൻ പരിധിയിൽ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഗുണ്ടാആക്രമണമാണിത്. ഒന്നരമാസം മുൻപ് ആറ്റുകാൽ പാടശേരിയിൽ ഓട്ടോഡ്രൈവർ ശരത്തിനെ ഏഴംഗസംഘം വെട്ടിപ്പരിക്കേല്പിച്ചിരുന്നു. രണ്ട് കാൽപ്പാദങ്ങളും അറ്റുതൂങ്ങി ചോരവാർന്നു കിടന്ന ശരത്തിനെ പൊലീസ് എത്തി മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നഗരത്തിൽ വർദ്ധിച്ചു വരുന്ന ഗുണ്ടാ ആക്രമണത്തിന്റെ പേരിൽ പൊലീസ് പഴികേൾക്കുന്നതിനിടെയാണ് പുതിയ സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |