ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
വെഞ്ഞാറമൂട്: വി.എസ്.എസ്.സിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിന്റെ വ്യാപ്തി കൂടുന്നു.10 കോടി വരെ സംഘം തട്ടിച്ചെന്നാണ് നിഗമനം. ഇതിന്റെ കൃത്യമായ വിവരശേഖരണത്തിലാണ് പൊലീസ്. പരാതിക്കാരുടെ നഷ്ടം 5 കോടി കവിഞ്ഞാൽ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കേണ്ടത്. ജില്ലയിലെ തന്നെ പല സ്റ്റേഷനിലിൽ പരാതികളുള്ളതുകൊണ്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. തട്ടിപ്പിനിരയായവർ പലരും നാണക്കേടും ഭീഷണയും ഭയന്നാണ് ഇത്രയും നാൾ പരാതിയുമായി രംഗത്ത് വരാതിരുന്നതെന്നാണ് പൊലീസ് നിഗമനം. അതെ സമയം റിമാൻഡിൽ കഴിയുന്നകേസിലെ പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ വെഞ്ഞാറമൂട് പൊലീസ് ഇന്ന് നൽകും. പ്രതികളുടെ മുൻകാല പരിശോധനയും പൊലീസ് നടത്തുന്നുണ്ട്.
കണ്ടെത്താൻ അനവധി
കേസിൽ കൂടുതൽ ആളുകളുണ്ടോ, മറ്റാരെങ്കിലും ഇരകളായിട്ടുണ്ടോ, വി.എസ്.എസ്.സി പോലുള്ള സ്ഥാപനം തട്ടിപ്പിന് തിരഞ്ഞെടുത്തതിന് കാരണം തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. വെഞ്ഞാറമൂട് സ്റ്റേഷനിൽ മറ്റു പരാതികൾ ഇതുവരെ വന്നിട്ടില്ല. ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചുലാലിനാണ് അന്വേഷണ ചുമതല.
പോത്തൻകോട് പൂലന്തറ വീട്ടിൽ റംസി (35), ഇവരുടെ ഭർത്താവ് ഓച്ചിറ മേമന അജ്മൽ മൻസിലിൽ അജ്മൽ(29), തിരുനെൽവേലി സീലാത്തിക്കുളം ഭജനമഠം തെരുവിൽ മുരുകേശൻ(59), ആറ്റിങ്ങൽ കാട്ടുമ്പുറം കടുവയിൽ രോഹിണി നിവാസിൽ വിഷ്ണു രാജ്(33),ആറ്റിങ്ങൽ അവനവഞ്ചേരി വിളയിൽ വീട്ടിൽ സുരേഷ് ബാബു(50) എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്.
അറസ്റ്റിന്റെ വാർത്ത പുറത്തുവന്നതോടെ റംസിക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികളാണെത്തിയത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒരുവർഷം മുമ്പ് കഴക്കൂട്ടത്തെ ഒരു ഹോട്ടലിൽ വച്ച് റംസിയുടെ നേതൃത്വത്തിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത മുപ്പതോളം ഉദ്യോഗാർത്ഥികളിൽ ഇരുപതോളം പേർക്ക് പണം നഷ്ടപ്പെട്ടെന്നാണ് വിവരം.
ബ്യൂട്ടിപാർലർ മറയാക്കി
ബ്യൂട്ടിപാർലറിലെത്തുന്ന യുവതികളെ വി.എസ്.എസ്.സിയിൽ മെക്കാനിക്കൽ എൻജിനിയറാണെന്ന് പരിചയപ്പെടുത്തി ഇരകളുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ചറിഞ്ഞ ശേഷം അവിടെ ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയാണ് പതിവ്.
സാമൂഹിക മാദ്ധ്യമങ്ങൾ വഴി പരിചയപ്പെടുന്ന യുവാക്കളെയും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ഇരയാക്കിയത്. നിയമന ഉത്തരവ് ഉൾപ്പെടെയുള്ള വ്യാജ രേഖകൾ തയ്യാറാക്കിയത് ആറ്റിങ്ങലിലാണ്. അറസ്റ്റിലായ വിഷ്ണു രാജ്, സുരേഷ് ബാബു എന്നിവരാണ് രേഖകൾ തയ്യാറാക്കിയത്. സുരേഷ് ബാബു അവനവഞ്ചേരിയിൽ നടത്തുന്ന സീൽ നിർമ്മാണ ഷോപ്പിൽ നിന്നാണ് വ്യാജ രേഖകൾ തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പരിചയപ്പെടുന്ന യുവാക്കളുമായി വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന റംസി യുവാക്കളുമായി പിണങ്ങുമ്പോൾ ഇവർക്കെതിരെ വ്യാജ പീഡന പരാതികൾ നൽകാറുണ്ടെന്നും പൊലീസ് പറഞ്ഞു.ഇതിലും ഭീഷണിപ്പെടുത്തിയും പണം പല സമയങ്ങളിലായി തട്ടിയിട്ടുണ്ട്.
മുന്നറിയിപ്പുമായി വി.എസ്.എസ്.സി
ഐ.എസ്.ആർ.ഒയുടെ പേരിൽ തൊഴിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വി.എസ്.എസ്.സിയുടെ പേഴ്സണൽ ആൻഡ് ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവി ഹരി കെ.എൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.വി.എസ്.എസ്.സി നിയമനത്തിനായി ഏതെങ്കിലും ഏജന്റുമാരെയോ ഏജൻസികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. ഒഴിവുകൾ വി.എസ്.എസ്.സിയുടെയോ ഐ.എസ്.ആർ.ഒയുടെയോ ഔദ്യോഗിക വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തി മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും റിക്രൂട്ട്മെന്റ്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാജ നിയമന വാർത്തകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും ഉദ്യോഗാർത്ഥികൾ ജാഗരൂകരാകണം. വിവരങ്ങൾ www.vssc.gov.in, www.isro.gov.in എന്നീ വെബ്സൈറ്റുകളിൽ അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |