കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ മാല തട്ടിച്ച യുവാവ് അറസ്റ്റിൽ. വൈക്കം ടോൾ ജംഗ്ഷൻ കുറ്റിക്കാട്ടിൽ വീട്ടിൽ അനൂപിനെയാണ് (38) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നുസംഭവം.
കോതനെല്ലൂർ സ്വദേശിയായ വീട്ടമ്മയ്‌ക്ക് അറ്റൻഡർ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിളിച്ചു വരുത്തിയായിരുന്നു തട്ടിപ്പ്. ജോലിക്ക് മെഡിക്കൽ പരിശോധന ആവശ്യമാണെന്നും ഈ സമയം സ്വർണം ധരിക്കാൻ പാടില്ലെന്നു പറഞ്ഞ് വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ മാല ഊരി വാങ്ങുകയായിരുന്നു. തുടർന്ന് ഗസറ്റഡ് റാങ്കിലുള്ള ഡോക്ടർ വന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരാം എന്നുപറഞ്ഞ് മാലയുമായി അനൂപ് മുങ്ങുകയായിരുന്നു.
വിവിധ കേസുകളിൽപ്പെട്ട് ഒളിവിലായിരുന്ന പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ജില്ലയിൽ തെരച്ചിൽ ശക്തമാക്കിയിരുന്നു. ആലപ്പുഴയിലെ തുറവൂരിൽ നിന്നാണ് അനൂപിനെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ മാർട്ടിൻ അലക്‌സ്, സി.പി.ഒമാരായ പ്രവീനോ, രാഗേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്കെതിരെ വൈക്കം, കരിമണ്ണൂർ, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |