ചാലക്കുടി: ചാലക്കുടിയിലും പരിസരങ്ങളിലും രാത്രിയിൽ വീടുകളുടെ ജനൽ കമ്പികൾക്കിടയിലൂടെ സ്വർണാഭരങ്ങൾ മോഷ്ടിക്കുന്ന വിരുതൻ പൊലീസ് പിടിയിലായി. പരിയാരം എലിഞ്ഞിപ്ര കണ്ണമ്പുഴ വീട്ടിൽ പരുന്ത് പ്രാഞ്ചി എന്ന ഫ്രാൻസിസി (56) നെയാണ് ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജനൽ പാളികൾ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ മോഷണം പോകുന്ന സംഭവങ്ങൾ കൂടിവന്നപ്പൾ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമാനമായ കേസുകളിൽ പരുന്ത് പ്രാഞ്ചി പതിനാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തൃശൂരിന് പുറമേ എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ നൂറ്റിമുപ്പതോളം കേസുകളുണ്ട്. പരുന്തിനെപ്പോലെ നിമിഷങ്ങൾക്കുള്ളിൽ മോഷണം നടത്താൻ വിരുതനാണ് ഫ്രാൻസിസെന്ന് പൊലീസ് പറഞ്ഞു. പിടിക്കപ്പെടുമെന്ന സാഹചര്യത്തിൽ സമർത്ഥമായി ഓടിരക്ഷപ്പെടാറുമുള്ള ഇയാൾക്ക് കാൾലൂയീസ് പ്രാഞ്ചി എന്ന ചെല്ലപ്പേരുമുണ്ട്. പോട്ട മോസ്‌കോയിലെ വീട്ടിൽ ജനലിലൂടെ കൈയ്യിട്ട് നടത്തിയ ആഭരണ മോഷണക്കേസിൽ നിരീക്ഷണ കാമറ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഫ്രാൻസിസിൽ എത്തിച്ചേർന്നത്. ചാലക്കുടി എസ്.എച്ച്.ഒ: കെ.എസ്. സന്ദീപ്, എസ്.ഐ: ഷബീബ് റഹ്മാൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സുരേഷ് ബാബു, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |