ഇസ്ലാമാബാദ്: ഇന്ത്യയെ ആക്രമിക്കാൻ ജമ്മുവിലേക്കയച്ച യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ. തങ്ങളുടെ രണ്ട് ജെ.എഫ് 17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവച്ചിട്ടതെന്ന് പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാന്റെ ഡയറക്ടർ ജനറൽ ഒഫ് ഇന്റർ സർവീസ് പബ്ലിക് റിലേഷനാണ് യുദ്ധവിമാനം നഷ്ടപ്പെട്ടകാര്യം അറിയിച്ചത്.
പാകിസ്ഥാന്റെ ഈസ്റ്റേൺ കമാൻഡ് മേഖലയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ കനത്ത നാശമുണ്ടായെന്ന് പാക് ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജമ്മുവിലെ സത്വരി, സാംബ, ആർ.എസ്. പുര, അർണിയ സെക്ടറുകളിലെ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു ഇന്നലെ രാത്രിയിലെ പാക് ഡ്രോൺ മിസൈൽ ആക്രമണങ്ങൾ. ഇതിനുപകരമായി ഇന്ത്യൻ വിമാനങ്ങൾ ലാഹോറിലെയും ഇസ്ളാമാബാദിലെയും സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ അവാക്സ് വിമാനം മിസൈൽ ആക്രമണത്തിൽ തകർന്നെന്നും റിപ്പോർട്ടുണ്ട്.
ചാവേർ ആക്രമണവും?
ജമ്മു കാശ്മീരിലെ രജൗരിയിലും പഞ്ചാബിലെ പത്താൻകോട്ടിലും സൈനിക കേന്ദ്രങ്ങൾക്ക് സമീപം ഭീകരർ ചാവേറാക്രമണം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നു. ഭീകരരെ ഉപയോഗിച്ച് പാകിസ്ഥാൻ ചാവേർ ആക്രമണത്തിന് ശ്രമിച്ചേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ
ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചാർബസാർ ഏരിയയിലാണ് കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചു. അസാമിലെ കുഷ്യാരാ നദിക്കരയിൽ നിന്ന് 50 മീറ്റർ അകലെയുള്ള വീടിന്റെ മുകളിലാണ് ഡ്രോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കറുത്ത നിറം. ഡ്രോണിൽ 'മെയ്ഡ് ഇൻ ചൈന' എന്ന് എഴുതിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യ- പാക് സംഘർഷം വഷളാകുന്ന സാഹചര്യത്തിൽ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സ്ഥലത്തുനിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്തത് ഗൗരവമായാണ് കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |