60കാരന്റെ 3.37 കോടി രൂപയും
55കാരന്റെ 41 ലക്ഷവും പോയി
കൊച്ചി: ഓൺലൈൻ ട്രേഡിംഗിന്റെ മറവിലുള്ള തട്ടിപ്പുകൾ കൊച്ചിയിൽ പെരുകുന്നു. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന അമ്പലമുകൾ സ്വദേശിയായ അറുപതുകാരന്റെ 3.37 കോടി രൂപയും പൊന്നുരുന്നി സ്വദേശിയായ 55കാരന്റെ 41.9 ലക്ഷം രൂപയും നഷ്ടമായി. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് വ്യത്യസ്ത സംഘങ്ങളാണ് ഇരുവരെയും കുടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അമ്പലമുകൾ സ്വദേശിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസും പൊന്നുരുന്നി സ്വദേശിയുടെ പരാതിയിൽ കടവന്ത്ര പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി. നാല് പേർ ചേർന്നാണ് 60കാരനെ തട്ടിപ്പിന് ഇരയാക്കിയത്. ഒരാൾക്കെതിരെയാണ് കടവന്ത്ര പൊലീസ് കേസെടുത്തിട്ടുള്ളത്. ഒരേദിവസമാണ് ഇരുകേസുകളും പൊലീസിന്റെ മുന്നിലെത്തിയത്.
തട്ടിപ്പ് ഒന്ന്
നിക്ഷേപത്തിന് 40 ശതമാനം ലാഭം വാഗ്ദാനംചെയ്തുള്ള കൊടാക് കസ്റ്റമർകെയർ എന്ന തട്ടിപ്പ് കമ്പനയുടെ പരസ്യംകണ്ടാണ് അമ്പലമുകൾ സ്വദേശി ട്രേഡിംഗ് ചെയ്യാൻ തീരുമാനിച്ചത്. പരാതിക്കാരനെ ആദ്യം ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി. നിക്ഷേപകർക്ക് വലിയ ലാഭംകിട്ടുന്നതരം സന്ദേശങ്ങളായിരുന്നു നിറയെ. ഇതോടെ കമ്പനി യഥാർത്ഥമെന്ന് 60കാരൻ ഉറപ്പിച്ചു. തുടർന്ന് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ആദ്യ നിക്ഷേപങ്ങൾക്ക് 40 ശതമാനം ലാഭം നൽകി. ഒടുവിൽ നിക്ഷേപിച്ച 3,37,65,000 രൂപയ്ക്ക് ലാഭമൊന്നും കിട്ടിയില്ല. കമ്പനി ജീവനക്കാരെ ബന്ധപ്പെട്ടപ്പോൾ ഫോണെല്ലാം സ്വിച്ച് ഓഫ്. ഇതോടെയാണ് തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞത്. മേയ് 14 മുതൽ 18 വരെയാണ് ഇയാൾ ഇടപാട് നടത്തിയത്.
തട്ടിപ്പ് രണ്ട്
ട്രേഡിംഗിലൂടെ ജോ അംബ്രോ ബിസിനസ് സ്‌കൂൾ, എച്ച്.ഡി.എഫ്.സി സെക്യൂരിറ്റി എന്നീ കമ്പനികളുടെ ഷെയർ നൽകാമെന്നാണ് 55കാരനെ തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചത്. ഇയാളെയും ആദ്യം ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി. തുടർന്ന് ജോ അംബ്രോ ബിസിനസ് സ്‌കൂൾ എന്ന പേരിലുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് നിക്ഷേപം സ്വീകരിച്ചു. ഇതിന് പകരമായി ജോ അംബ്രോ ബിസിനസ് സ്‌കൂൾ, എച്ച്.ഡി.എഫ്.സി സെക്യൂരിറ്റി എന്നിവയുടെ വ്യാജ ഷെയറുകൾ നൽകി. ഷെയറുകൾ വിൽക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിൽ വീണതായി തിരിച്ചറിഞ്ഞത്. മേയ് ഏഴ് മുതൽ 27 വരെയാണ് ഇയാൾ ട്രേഡിംഗിലൂടെ ഷെയർ വാങ്ങിയത്. ആകെ 41,99,000രൂപയാണ് നഷ്ടമായത്.
സൈബർ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെങ്കിൽ 1930 എന്ന സൈബർക്രൈം ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചറിയിക്കുക, അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യുക -കേരള പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |