ആലപ്പുഴ: കാണാതായ കരുനാഗപ്പള്ളി കുലശേഖരം സ്വദേശിനി വിജയലക്ഷ്‌മിയുടേതെന്ന് (49) കരുതുന്ന മൃതദേഹം കണ്ടെത്തി. പ്രതി ജയചന്ദ്രൻ പറഞ്ഞ സ്ഥലത്ത് കുഴിയെടുത്ത് പരിശോധിക്കാൻ തുടങ്ങി 15 മിനിട്ടിന് ശേഷമാണ് മൃതദേഹം ലഭിച്ചത്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഇത് വിജയലക്ഷ്‌മിയുടേതെന്ന് ഉറപ്പിക്കാൻ സാധിക്കൂ. ജയചന്ദ്രന്റെ വീടിന് പിറകിലെ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
അഴുകിയ നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്‌ചയോളം പഴക്കമുണ്ടെന്നാണ് സൂചന. നിലവിൽ മൃതദേഹം പുറത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തിയിട്ടുണ്ട്. ആലപ്പുഴ സബ് കളക്‌ടർ സമീർ കൃഷ്‌ണ, കരുനാഗപ്പള്ളി എസിപി എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും പരിശോധന നടത്തുന്നുണ്ട്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണോ ഇതെന്നതുൾപ്പെടെ വിശദമായി പരിശോധിക്കും.
കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. നാല് ദിവസമായി വിജയലക്ഷ്മിയെ കാണാനില്ലായിരുന്നു. അന്വേഷണത്തിൽ ജയചന്ദ്രനും വിജയലക്ഷ്മിയും ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്ത് കെഎസ്ആർടിസി ബസിൽ വച്ച് കണ്ടെത്തിയിരുന്നു.
ഇടുക്കി സ്വദേശിയുമായി വിജയലക്ഷിമിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ ഇരുവരും തമ്മിൽ ഇപ്പോൾ ഒരുമിച്ചല്ല. ഇവർക്ക് രണ്ട് മക്കളുണ്ട്. അമ്പലപ്പുഴ സ്വദേശിയായ ജയചന്ദ്രനുമായി അടുത്ത സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് വിവരം. വിജയലക്ഷ്മി അമ്പലപ്പുഴ ക്ഷേത്രത്തിൽ തൊഴാൻ എത്തുകയും അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിലെ ജയചന്ദ്രന്റെ വീട്ടിൽ പോകുകയും ചെയ്തിരുന്നു.
ഇവിടെ വച്ച് ഒരു ഫോൺ കോൾ വന്നതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്ന് ഇവരെ കൊന്ന് വീടിനോട് ചേർന്ന ഒഴിഞ്ഞ പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. പ്ലയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന. കൊലയ്ക്ക് ശേഷം സ്‌ത്രീയുടെ മൊബൈൽ ഫോൺ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചതാണ് അന്വേഷണം ജയചന്ദ്രനിലേക്ക് എത്തിച്ചത്.
എറണാകുളത്ത് നിന്ന് കണ്ടെത്തിയ ഫോൺ കെഎസ്ആർടിസി കണ്ടക്ടർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ ഫോണിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയചന്ദ്രനെയാണ് വിളിച്ചത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കാൾ ലിസ്റ്റ് എന്നിവ പരിശോധിച്ചാണ് അന്വേഷണം ജയചന്ദ്രനിലേക്ക് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |