ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിദ്ദിഖിന്റെ പാസ്‌പോർട്ട് ഉൾപ്പെടെ സമർപ്പിച്ച് അന്വേഷണത്തോട് സഹകരിക്കണം. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതി നിശ്ചയിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനെ കൂടി കേട്ട ശേഷം മാത്രമേ ജാമ്യവ്യവസ്ഥകൾ നിശ്ചയിക്കാവു എന്നാണ് സംസ്ഥാനത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. കേസിൽ നേരത്തേ സിദ്ദിഖിന് സുപ്രീം കോടതി താൽക്കാലിക ജാമ്യമാണ് അനുവദിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് നീണ്ട വാദപ്രതിവാദങ്ങളാണ് ഇന്ന് കോടതിയിൽ നടന്നത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗി ആണ് സിദ്ദിഖിന് വേണ്ടി ഹാജരായത്. തന്റെ കക്ഷി 66 വയസായ ഒരു മുതിർന്ന പൗരനാണ് എന്ന കാര്യങ്ങളെല്ലാം മുകുൾ റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടി.
പരാതി നൽകിയത് സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് എന്നത് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്‌താൽ ജാമ്യത്തിൽ വിടണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കഴിഞ്ഞ ആഴ്‌ച ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സിദ്ദിഖിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത് പ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിവച്ചിരുന്നത്.
സിദ്ദിഖിന് ജാമ്യം നൽകിയാൽ സമാനമായ മറ്റ് കേസുകളെ അത് ബാധിക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഈ വാദം തള്ളിയാണ് കോടതിയുടെ തീരുമാനം. 2016ൽ നടന്ന സംഭവം 2018ൽ ഫേസ്‌ബുക്കിലൂടെ ഉന്നയിക്കാൻ ധൈര്യം കാണിച്ചു. പക്ഷേ, പൊലീസിനെ സമീപിക്കാൻ എട്ട് വർഷം വേണ്ടിവന്നു. കേരള സർക്കാർ രൂപീകരിച്ച ഹേമാ കമ്മിറ്റിക്ക് മുമ്പാകെയും അവർ ഹാജരായില്ലെന്നതും സുപ്രീം കോടതി നിരീക്ഷിച്ചു.
ഓഗസ്റ്റ് 27ന് നടി പരാതി നൽകുന്നതിന്റെ തലേന്ന് സിദ്ദിഖ് അവർക്കെതിരെ പൊലീസിൽ പരാതി നൽകിയതാണ്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയായിരുന്നു സിദ്ദിഖ്. വിമൻ ഇൻ സിനിമ കലക്‌ടീവ് (ഡബ്ല്യുസിസി) മുൻ ഭാരവാഹിയാണ് പരാതിക്കാരി. ഈ രണ്ട് സംഘടനകളും തമ്മിൽ ‘സംഘർഷത്തിൽ’ ആണെന്നും റോത്തഗി വാദിച്ചു.
കേസിൽ സിദ്ദിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നു എന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. അതിജീവിതയുമായി ആശയവിനിമയം നടത്തിയ ഫേസ്‌ബുക്ക്, സ്കൈപ് അക്കൗണ്ടുകൾ എന്നിവ സിദ്ദിഖ് ഡിലീറ്റ് ചെയ്തു. അക്കാലത്തെ ഫോണുകളും കംപ്യൂട്ടറുകളും ഉപേക്ഷിച്ചെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |