പയ്യന്നൂർ: ലൈംഗിക പീഡനകേസിൽ അറസ്റ്റിലായയാളുടെ സ്ഥാപനം അടിച്ചു തകർത്തു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനെസ് ക്ലിനിക്, ഫിറ്റ്നസ് ആൻഡ് ജിം എന്ന സ്ഥാപനം ഒരു സംഘമാളുകൾ അടിച്ചു തകർത്തത്. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു അക്രമം.
സംഘടിച്ചെത്തിയ സംഘം, സ്ഥാപനവും അകത്തെ വിലപിടിപ്പുള്ള ഉപകരണങ്ങളും ഉൾപ്പെടെ പൂർണ്ണമായും അടിച്ചു തകർക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതികളിൽ ചിലരെ ഓടിച്ചിട്ട് പിടികൂടി. ഇവർ പൊലീസ് കസ്റ്റഡിയിലാണ്.
സ്ഥാപനത്തിന്റെ ഉടമ പയ്യന്നൂർ പൊലീസ് ക്വാട്ടേഴ്സിനു സമീപത്തെ ശരത് നമ്പ്യാരെ (42) യാണ് പീഡന കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി റിമാൻഡിലാണ്. പട്ടാപ്പകൽ നഗരമദ്ധ്യത്തിലെ സ്ഥാപനം തകർത്ത സംഭവത്തിൽ കണ്ടോത്ത് സ്വദേശികളായ നാലുപേരെയാണ് പയ്യന്നൂർ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. മുമ്പ് രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായും സ്ഥാപനം അടിച്ചു തകർത്തിരുന്നു.
ചികിത്സ നടത്താൻ യോഗ്യതയില്ലെന്ന്
പയ്യന്നൂർ: ആരോഗ്യ വെൽനസ് ക്ലിനിക്, ഫിറ്റ്നസ് ആൻഡ് ജിം എന്ന സ്ഥാപനത്തിന്റെ ഉടമ ശരത് നമ്പ്യാർക്ക് ഫിസിയോ തെറാപ്പി ചികിത്സ നടത്താനുള്ള യോഗ്യതയില്ലെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോ തെറാപ്പിസ്റ്റ്സ് ജില്ല കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയ അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ മാനദണ്‌ഡപ്രകാരമുള്ള യാതൊരു യോഗ്യതയും പ്രതിക്കില്ല. രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പലപ്പോഴും ഐ.എ.പി നൽകിയ പരാതികൾ പ്രതി ഒതുക്കി തീർക്കുകയായിരുന്നു. ഇത്തരം വ്യാജ സെൻററുകൾക്കെതിരെ കർശനമായ നിയമ നടപടി ആവശ്യമാണെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ റെജിൽ മൂകായി, അനീസ് മുഹമ്മദ്, മുസഫർ മുഹമ്മദ്, സുബീഷ്, എ.വി.രഞ്ജിത്ത്. എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |