എടപ്പാൾ: ലോഡ് ഇറക്കിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ ആക്രമിക്കാൻ ശ്രമിച്ച സി.ഐ.ടി.യുക്കാരെ കണ്ട് ഭയന്നോടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും ഒടിഞ്ഞ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനെ (23) തൃശൂർ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എടപ്പാൾ ടൗണിൽ പുതുതായി നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലേക്കുളള ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പെടെയുളളവ ലോറിയിൽ നിന്ന് ഇറക്കുന്നതിനെ ചൊല്ലിയുളള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. രാത്രി 9.45ഓടെ ലോഡ് എത്തിയപ്പോൾ ഇറക്കുന്നതിനായി സി.ഐ.ടി.യു തൊഴിലാളികൾ പരിസരത്ത് ഉണ്ടായിരുന്നില്ല. ഈ സമയം കരാറുകാരൻ തന്റെ നാല് തൊഴിലാളികളെ ഉപയോഗിച്ച് സാമഗ്രികൾ ഇറക്കി. വിവരം അറിഞ്ഞ് ആറ് സി.ഐ.ടി.യു പ്രവർത്തകർ സ്ഥലത്തെത്തി ബഹളം വെച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന്, ചങ്ങരംകുളം പൊലീസെത്തുകയും പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മടങ്ങി. പിന്നീട് വീണ്ടും തർക്കം രൂക്ഷമായതോടെ സി.ഐ.ടി.യുക്കാർ തൊഴിലാളികളെ വളഞ്ഞിട്ട് മർദിച്ചു. ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഫയാസ് കെട്ടിടത്തിന് മുകളിലേക്ക് ഓടി. പിന്തുടർന്ന് എത്തിയ സി.ഐ.ടി.യുക്കാർ മർദിക്കുമെന്ന് ഉറപ്പായതോടെ നാലാം നിലയിൽ നിന്നും സമീപത്തെ ഉയരം കുറഞ്ഞ മറ്റൊരു കെട്ടിടത്തിലേക്ക് ചാടുന്നതിനിടെ ടെറസിൽ വീണാണ് ഗുരുതര പരിക്കേറ്റത്. ഉടനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചങ്ങരംകുളം പൊലീസ് ആശുപത്രിയിലെത്തി ഫയാസിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രി സി.ഐ.ടി.യുക്കാർ ഇല്ലാത്തതിനാലാണ് സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയതെന്നും ആവശ്യമുള്ള പണം തരാമെന്ന് പറഞ്ഞിട്ടും മർദനം തുടർന്നതായും കരാറുകാരനായ സുരേഷ് പറഞ്ഞു. മദ്യപിച്ചെത്തിയ സംഘമാണ് മർദിച്ചതെന്നും കരാറുകാരൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |