അഞ്ചൽ: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടയിൽ മദ്ധ്യസ്ഥനായെത്തിയ മദ്ധ്യവയസ്കന്റെ തല ഇടിവള കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു. അഞ്ചൽ തഴമേൽ ചൂരക്കുളത്ത് ജോസിനാണ് (51) പരിക്കേറ്റത്. ഇതേത്തുടർന്ന് ചൂരക്കുളം ലക്ഷംവീട് കോളനിയിൽ അജിത്തി (24)നെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടുകൂടിയാണ് സംഭവം. ലക്ഷം വീട്ടിൽ താമസക്കാരനായ അശോകനും അജിത്തും തമ്മിലാണ് വഴക്കുണ്ടായത്. അശോകന്റെ വീടിന് മുന്നിൽ അജിത്ത് വളർത്തുനായയെ കൊണ്ട് വന്നു ശല്യം ചെയ്യുന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കേറ്റം നടന്നു. സംഘട്ടനമുണ്ടാകാതെ ഇരുവരെയും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് മർദ്ദനം. അവശനായ ജോസിനെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോസിന്റെ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ അഞ്ചൽ പൊലീസ് 324 വകുപ്പ് പ്രകാരം കേസെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അജിത്ത്. പുതിയതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത അനുസരിച്ച് അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ ക്രൈം കേസാണിത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |