ആക്രമണത്തിന് കാരണം വിവാഹമോചനക്കേസിൽ വീട് അറ്റാച്ച് ചെയ്തതിലെ വൈരാഗ്യം
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മരുമകനെ പൊലീസ് അറസ്റ്റുചെയ്തു. ആറ്റിങ്ങൽ ഗവ. കോളേജിന് പിന്നിലുള്ള രേണുക അപ്പാർട്ട്മെന്റിൽ പ്രീത(55)യെയാണ് ഇളയ മകളുടെ ഭർത്താവ് വർക്കല കുരയ്ക്കണ്ണി മംഗലത്തുവീട്ടിൽ അനിൽ വിദ്യാസാഗരൻ (38,അനിൽകുമാർ) കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച പ്രീതയുടെ ഭർത്താവ് ബാബുവിനും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വിവരം ഫ്ലാറ്റിലെ സമീപവാസി ഫ്ലാറ്റ് ഉടമയെ അറിയിക്കുകയും തുടർന്ന് ഉടമ സ്ഥലത്തെത്തി പൊലീസിനെ അറിയിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രീത തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ബുധനാഴ്ച പുലർച്ചെ മരിച്ചു. പരിക്കേറ്റ ബാബു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പൊലീസ് പറയുന്നത്: ആക്രമണം നടക്കുമ്പോൾ ബാബുവും ഭാര്യ പ്രീതയും മാത്രമാണ് അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഇവിടെയാണ് താമസം.
കുടുംബപ്രശ്നങ്ങൾ കാരണം കഴിഞ്ഞ നാല് മാസമായി ബാബുവിന്റെ ഇളയ മകൾ ബിന്ദ്യയും അനിൽവിദ്യാസാഗരനും തമ്മിൽ വിവാഹമോചനക്കേസ് നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അനിലിന്റെ വർക്കലയിലെ വീട് ബിന്ദ്യ നിയമപരമായി അറ്റാച്ച് ചെയ്തിരുന്നു. കോടതിയുടെ നോട്ടീസ് വീട്ടിൽ പതിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഒളിവിൽ പോയ അനിൽ വിദ്യാസാഗരനെ ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് വർക്കലയ്ക്ക് സമീപം പനയറയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു.
ആറ്റിങ്ങൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പുനടത്തി. ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക്ക് കസ്റ്റഡിലെടുത്തു. പ്രീതയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ആറ്റിങ്ങലിലെ ഫ്ലാറ്റിൽ പൊതുദർശനത്തിനു ശേഷം ശാന്തി കവാടത്തിൽ സംസ്കരിച്ചു.
പ്രീതയുടെ മൂത്ത മകൻ വിപിൻ വർക്കലയിലും രണ്ടാമത്തെ മകൾ ബിന്യ മണമ്പൂരിലുമാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |