രാമപുരം : കണ്ണനാട്ട് ജുവലറി ഉടമയെ തീകൊളുത്തി കൊലപ്പെടുത്തിയതിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാമപുരവും, പട്ടണത്തിലെ വ്യാപാരി സമൂഹവും. അശോകനു പ്രതി തുളസീദാസും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടെന്ന് പലർക്കും അറിയാമായിരുന്നെങ്കിലും അത് ഇത്ര ക്രൂരമായൊരു കൊലപാതകത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. ജുവലറിയുടെ തൊട്ടടുത്തുള്ള വ്യാപാരികൾ പോലുമറിയാതെയാണ് പ്രതി കൃത്യം നടത്തിയത്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പാലാ ഡി.വൈ.എസ്.പി കെ.സദന്റെ നേതൃത്വത്തിൽ ഇന്നലെ സി.സി.ടി.വി പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ അശോകന്റെ മൊബൈലിലേക്ക് മാത്രമായി ശേഖരിക്കാവുന്നവിധം ക്രമീകരിച്ചിരിക്കുകയാണെന്ന് കണ്ടെത്തി. മെമ്മറികാർഡും ഉണ്ടായിരുന്നില്ല. അശോകന്റെ ഐ ഫോൺ സംഭവസ്ഥലത്തുനിന്ന് ലഭിച്ചെങ്കിലും ഇതിന്റെ ലോക്ക് അഴിക്കാനായിട്ടില്ല. സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ ലോക്ക് നീക്കി ദൃശ്യങ്ങൾ വീണ്ടെടുക്കാനാണ് പൊലീസ് നീക്കം.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തുളസീദാസിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. തുടർന്ന് വിശദമായി ചോദ്യം ചെയ്യാനും തെളിവെടുക്കാനുമാണ് തീരുമാനം. ''അവനെ ഞാൻ കൊന്നു'' എന്നല്ലാതെ മറ്റുകാര്യങ്ങളൊന്നും വിശദീകരിക്കാൻ പ്രതി തയ്യാറായിരുന്നില്ല. അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങൾക്കും നിർവികാരതയോടെ നിന്നതല്ലാതെ മറുപടിയൊന്നും ലഭിച്ചില്ല. പരസ്പര ബന്ധമില്ലാതെയാണ് സംസാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |