കരമന: 9 പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയിൽ.മോഷണം സി.സിടിവി വഴി മൊബൈലിൽ കണ്ടുകൊണ്ടിരുന്ന വീട്ടുടമ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു.
സംഭവത്തിൽ പ്രതിയായ കരമന നെടുങ്കാട് ഇലങ്കം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ലക്ഷ്മിയെ (36) ചോദ്യം ചെയ്യലിനുശേഷം കരമന പൊലീസ് അറസ്റ്റ് ചെയ്തു.നെടുങ്കാട് കരമന കോപ്പറേറ്റീവ് ബാങ്കിന് സമീപം താമസിക്കുന്ന അഭിഭാഷക ദമ്പതികളായ ഇന്ദുലേഖയുടെയും,രാഹുൽ കൃഷ്ണയുടെയും വീട്ടിലായിരുന്നു ലക്ഷ്മി ജോലിക്ക് നിന്നത്.
നവംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്ദുലേഖയുടെ അമ്മായിയുടെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ കരിമണിമാല,ഒരു പവന്റെ ഒരു ജോഡി കമ്മൽ,2പവന്റെ മൂന്ന് മോതിരം എന്നിവ മോഷണം പോയി. ജോലിക്കാരിയോട് ചോദിച്ചെങ്കിലും കുറ്റം നിഷേധിച്ചു.
തുടർന്ന് ആരുമറിയാതെ വീട്ടുടമ മുറികളിൽ ക്യാമറ സ്ഥാപിച്ചു.ഇവ വൈഫൈ വഴി മൊബൈലുമായി ബന്ധിപ്പിച്ചിരുന്നു.
എന്നാൽ ജോലിക്കാരി ഇക്കാര്യങ്ങൾ അറിഞ്ഞിട്ടില്ലായിരുന്നു.
തുടർന്ന് അടുത്ത ദിവസം വീണ്ടും മുറിയിൽ കയറി ലക്ഷ്മി മോഷ്ടിക്കുന്നത്, രാഹുൽകൃഷ്ണ ഓഫീസിൽ ഇരുന്ന് മൊബൈലിൽ കണ്ടു.വീട്ടിലെത്തി, ജോലിക്കാരിയോട് ചോദിച്ചെങ്കിലും കുറ്റം സമ്മതിച്ചില്ല.തുടർന്ന് ദൃശ്യങ്ങൾ കാണിച്ച് കൊടുത്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോൾ സ്വർണം ചാലയിലെ ഒരു ജുവലറിയിൽ വിറ്റിട്ട്, വേറെ സ്വർണം വാങ്ങിയെന്നും,അത് പണയം വച്ചെന്നും സമ്മതിച്ചു.
മുൻപ് ഓഗസ്റ്റിൽ കരമനയിൽ ഒരു വീട്ടിൽ ജോലിക്ക് നിന്നപ്പോൾ അവിടെനിന്ന് മൂന്ന് പവന്റെ ആഭരണം മോഷ്ടിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. കരമന എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സ്വർണം കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |