
വെട്ടിച്ചത് 41.42 ലക്ഷം രൂപ
കൊച്ചി: കൊച്ചിയിൽ എ.ടി.എമ്മിൽ പണം നിറയ്ക്കുന്നതിന്റെ മറവിൽ വൻവെട്ടിപ്പ്. സ്വകാര്യ ഡിജിറ്റൽ സർവീസ് ആൻഡ് സൊല്യൂഷൻ സ്ഥാപനത്തിന്റെ സീനിയർ അക്കൗണ്ടന്റും ഓഫീസ് സ്റ്റാഫും ചേർന്ന് 41.42 ലക്ഷം രൂപ തട്ടിയെടുത്തു. ഡിജിറ്റൽ സർവീസ് സ്ഥാപനത്തിന്റെ സി.ഇ.ഒയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2024 ഓഗസ്റ്റ് മുതൽ 2026 ജനുവരി എട്ടുവരെയുള്ള കാലയളവിലായിരുന്നു തിരിമറിയെന്നാണ് പരാതി.
പാലാരിവട്ടം ആസ്ഥാനമായ സ്വകാര്യ ഡിജിറ്റൽ സർവീസ് സ്ഥാപനം കൊച്ചിയിൽ വിവിധ ഇടങ്ങളിൽ കരാർ വ്യവസ്ഥയിൽ എ.ടി.എമ്മുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. പശ്ചിമകൊച്ചിയിലെ ഒരു എ.ടി.എമ്മിൽ പണം നിറയ്ക്കുകയും സി.ഡി.എമ്മിൽ നിന്നുള്ള പണം എടുക്കുന്നതിന്റെയും ചുമതല സ്വകാര്യ സ്ഥാപനത്തിലെ സീനിയർ അക്കൗണ്ടന്റായ യുവതിക്കായിരുന്നു. അതീവസുരക്ഷയോടെ എ.ടി.എമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെ കെട്ടുകളിൽ നിന്ന് നിശ്ചിത തുക വീതം സീനിയർ അക്കൗണ്ടന്റും ഓഫീസ് സ്റ്റാഫും പതിവായി കൈക്കലാക്കിയെന്നാണ് പരാതി.
തട്ടിപ്പ് കണ്ടെത്താൻ കഴിയാത്തവിധമായിരുന്നു ഇരുവരും പണം മാറ്റിയിരുന്നത്. ജനുവരിയിൽ ഓഫീസിൽ നടന്ന പരിശോധനയ്ക്കിടെ ശ്രദ്ധയിൽപ്പെട്ട ഒരു ചെറിയ പിശകാണ് തിരിമറിയുടെ ചുരുളഴിച്ചതെന്നാണ് അറിയുന്നത്. സ്ഥാപനം ഇരുവരെയും പുറത്താക്കി. കഴിഞ്ഞ ദിവസം സി.ഇ.ഒ സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോഴാണ് വൻതിരിമറി പൊലീസ് അറിയുന്നത്. സ്ഥാപനത്തിൽ ഓഡിറ്റ് തുടരുകയാണെന്നും തട്ടിപ്പിന്റെ വ്യാപ്തി കൂടിയേക്കുമെന്നും സൂചനയുണ്ട്. ആഴ്ചയിൽ ഏഴ് ചെക്ക് വീതമാണ് സീനിയർ അക്കൗണ്ടന്റിന് മാറിയെടുത്ത് പണം നിക്ഷേപിക്കാൻ നൽകിയിരുന്നത്.
തട്ടിപ്പിൽ കൂടുതൽ പേരുടെ പങ്ക് സംശയിക്കുന്നുണ്ട്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ സീനിയർ അക്കൗണ്ടന്റായ യുവതിയുടെയും ഓഫീസ് സ്റ്റാഫിന്റെയും മൊഴിയെടുക്കും. തെളിവുകളെല്ലാം ശേഖരിച്ചതിന് ശേഷമായിരിക്കും പൊലീസ് അറസ്റ്റുൾപ്പടെയുള്ള തുടർനടപടികളിലേക്ക് കടക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |