SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.05 PM IST

ശമ്പളം കിട്ടിയില്ല: റെസ്റ്റോറന്റ് അടിച്ച് തകർത്ത് അസി. ഷെഫ്

Increase Font Size Decrease Font Size Print Page

crime

പ്രതിയെ പൊലീസ് പിടികൂടി

കൊച്ചി: ശമ്പളം ലഭിക്കാത്തതിന്റെ വിരോധത്തിൽ അസിസ്റ്റന്റ് ഷെഫ് ത്രീസ്റ്റാർ ഹോട്ടലിലെ റെസ്റ്റോറന്റ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുതകർത്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലെ റെസ്റ്റോറന്റിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അസിസ്റ്റന്റ് ഷെഫായ ഉത്തരാഖണ്ഡ് അൽമോറ സ്വദേശി വിജയ് റാമിനെ (26) എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

വർഷങ്ങളായി ഈ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു വിജയ് റാം. അടുത്തിടെ ജോലിയിൽ നിന്ന് ഒഴിവാകുകയാണെന്ന് ഇയാൾ ഹോട്ടൽ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് വിജയ് റാമിന് പകരം മറ്റൊരാളെ ഹോട്ടൽ അധികൃതർ നിയമിച്ചു. എന്നാൽ ജോലിയെടുത്ത മാസത്തെ ശമ്പളം നൽകിയില്ലെന്നാരോപിച്ച് പ്രതി ഹോട്ടലിലെത്തി അക്രമാസക്തനാകുകയായിരുന്നു.

ഒരു കൈയിൽ ബാറ്റും മറ്റൊരു കൈയിൽ കത്തിയുമായാണ് വിജയ് റാം ഹോട്ടലിൽ എത്തിയത്. റെസ്റ്റോറന്റിലേക്ക് അതിക്രമിച്ച് കയറി ഇവിടുത്തെയും കിച്ചണിലെയും ഗ്ലാസ് ഡോറുകൾ, ടി.വി, കമ്പ്യൂട്ടർ, പാത്രങ്ങൾ എന്നിവയെല്ലാം തകർത്തു. പിടിച്ചുമാറ്റാൻ ചെന്ന ജീവനക്കാരെ കത്തിവീശി ഭീതിയിലാക്കിയായിരുന്നു അതിക്രമം. ശേഷം പ്രതി സ്ഥലംവിട്ടു. പിന്നാലെ ഹോട്ടൽ അധികൃതർ പൊലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ കൊച്ചിയിൽ നിന്ന് തന്നെ പ്രതിയെ പിടികൂടി. ഓൺലൈൻ ഗെയിമിലൂടെ വലിയൊരു തുക പ്രതിക്ക് നഷ്ടമായിട്ടുണ്ട്. ഇതിന്റെ മനോവിഷമവും തനിക്ക് പകരം മറ്റൊരാളെ നിയമിച്ചതുമാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY