തിരുവനന്തപുരം : കരാർ പ്രകാരം മോഡുലാർ കിച്ചൺ ഉപഭോക്താവിന് നൽകാത്ത കടയുടമയെ തടവിലാക്കാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രത്യേക സബ് ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി. ജില്ലാ ഫോറം പ്രസിഡന്റ് പി. വി. ജയരാജൻ, മെമ്പർമാരായ വിജു. വി.ആർ, പ്രീത ജി. നായർ എന്നിവരുടേതാണ് ഉത്തരവ്.
തിരുമല ജയ് നഗർ സ്വദേശി എൻ. ആർ. നാരായണനായിരുന്നു പരാതിക്കാരൻ.കിളളിപ്പാലം പോപ്പുലർ കിച്ചൺ ഗ്യാലറി ഉടമയും പളളിച്ചൽ കല്ലുവിള സ്വദേശിയുമായ എസ്. സന്തോഷ് ആണ് കരാർ പ്രകാരം പരാതിക്കാരന് മോഡുലാർ കിച്ചൺ നൽകാത്തതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. 1,30,000 രൂപയാണ് കരാർ തുക. ആദ്യ ഗഡുവായി 2014 നവംബറിൽ 80,000 രൂപ വാങ്ങി. ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ ബാക്കി തുകയിൽ 25,000 രൂപയും രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ ശേഷമുളള 25,000 രൂപയും നൽകാമെന്നായിരുന്നു കരാർ. ആദ്യ ഘട്ടത്തിന്റെ പകുതി ആയപ്പോഴേ കട ഉടമ പരാതിക്കാരനിൽ നിന്ന് 35,000 കൈപ്പറ്റി. കരാറിന് വിരുദ്ധമായി ആദ്യ ഘട്ടം പൂർത്തിയാക്കാതെ ബാക്കി 15,000 കൂടി ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരൻ നൽകാൻ കൂട്ടാക്കിയില്ല. ജില്ലാ ഉപഭോക്തൃ പരിഹാര ഫോറത്തെ സമീപിച്ച് നൽകിയ പണം മടക്കിക്കിട്ടാൻ ഹർജി നൽകി.
2015 സെപ്തംബറിൽ ഫോറം പരാതിക്കാരന് കടയുടമ 1,15,000 രൂപയും കോടതി ചെലവായി 2000 രൂപയും നൽകാൻ വിധിച്ചെങ്കിലും കട ഉടമ ഇതുവരെ പണം നൽകാത്തതിനെ തുടർന്നാണ് വിധി നടപ്പായി ക്കിട്ടാൻ പരാതിക്കാരൻ വീണ്ടും ഫോറത്തെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |