ചേർത്തല: നഗരത്തിലെ ലോട്ടറി ടിക്കറ്റ് വിൽപ്പനശാലയിൽ നിന്ന് 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരത്തോളം രൂപയും മോഷ്ടിച്ചു. ചേർത്തല ദേവീ ക്ഷേത്രത്തിന് തെക്കുവശം കണിച്ചുകുളങ്ങര പള്ളിക്കാവുവെളി ലത ബാബുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ലോട്ടറി ടിക്കറ്റ് വിൽപ്പനശാലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.
സമീപത്തെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന് കടയുടെ മതിൽക്കെട്ടിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് ജനൽ പാളി തുറന്ന് കമ്പി അറുത്ത് മാറ്റിയശേഷം കമ്പിപ്പാര ഉപയോഗിച്ച് ഗ്രിൽ തകർത്താണ് അകത്തു കടന്നത്. ഇന്നലെ നറുക്കെടുത്ത ഭാഗ്യധാര, ഇന്ന് നറുക്കെടുക്കുന്ന സ്ത്രീശക്തി, നാളത്തെ ധനലക്ഷ്മി എന്നിവയുടെ 5143 ലോട്ടറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. കടയിലേയും സമീപത്തേയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ തിങ്കളാഴ്ച പുലർച്ചെ 2.45ന് മോഷ്ടാവ് വരുന്നതും മോഷണം നടത്തുന്നതുമായ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നീലനിറത്തിലുള്ള മഴക്കോട്ട് ധരിച്ച് തുണികൊണ്ട് മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. തിങ്കളാഴ്ച രാവിലെ കട തുറക്കാൻ ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കടയിലെ ഷെൽഫിൽ കെട്ടുകളായി അടുക്കി വെച്ചിരുന്ന ടിക്കറ്റുകളും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന രൂപയുമാണ് നഷ്ടപ്പെട്ടത്. ചേർത്തല സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ആലപ്പുഴയിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും എത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |