തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് പ്രതി. മധുരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മറ്റൊരു ഹോസ്റ്റലിലും ഇയാൾ എത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. അവിടെനിന്ന് പണമടങ്ങിയ പേഴ്സ് കവർന്നെന്നാണ് വിവരം. പ്രതിയെ ഉടൻ കഴക്കൂട്ടത്തേക്ക് കൊണ്ടുവരും. തുടർന്ന് വിശദമായി ചോദ്യം ചെയ്യും. അധികം വൈകാതെ തിരിച്ചറിയൽ പരേഡ് അടക്കമുള്ള നടപടികളിലേക്കും പൊലീസ് കടക്കും.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ഐടി ജീവനക്കാരി താമസിക്കുന്ന ഹോസ്റ്റലിലേക്ക് അർദ്ധരാത്രിയാണ് ഇയാൾ എത്തിയത്. ഹോസ്റ്റല്‍ മുറിയിൽ യുവതി ഒറ്റയ്ക്കായിരുന്നു. അതിക്രമത്തിനിടെ യുവതി പ്രതിയെ തള്ളി മാറ്റി. ഇതോടെ ഇയാൾ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
രാത്രിയിൽ ഭയം കാരണം കുട്ടി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. രാവിലെയാണ് സംഭവത്തെക്കുറിച്ച് ഹോസ്റ്റൽ അധികൃതരോട് കാര്യം പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു. പ്രതിയെ തനിക്ക് നേരത്തെ കണ്ട് പരിചയമില്ലെന്നാണ് യുവതിയുടെ മൊഴി. യുവതിയെ വൈദ്യപരിശോധനയ്ക്ക് ഉൾപ്പെടെ വിധേയയാക്കിയതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |