മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ വൻ ലഹരിവേട്ടയിൽ രണ്ടുപേർ കൂടി പിടിയിൽ. ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി സ്വദേശി എ ലിജീഷിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്‌നാസ്, ശിഹാബുദ്ദീൻ എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ലിജീഷിൽ നിന്ന് ഒരു കിലോ എംഡിഎംഎ ആണ് പിടികൂടിയത്. ഇത് കൈപ്പറ്റാൻ എത്തിയവരാണ് ഇന്നലെ രാത്രി പിടിയിലായത്.
ലിജീഷ് പിടിയിലായതറിഞ്ഞ് റഫ്‌നാസും ശിഹാബുദ്ദീനും രക്ഷപ്പെട്ടിരുന്നു. ഇവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്നാണ് ഇന്നലെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിമാനത്താവളത്തിന് പുറത്തുവച്ചായിരുന്നു പൊലീസ് ലിജീഷിനെ എംഡിഎംഎയുമായി പിടികൂടിയത്. കാർഡ് ബോർഡ് പെട്ടിയിൽ 21 പാക്കറ്റുകളിലാക്കി മറ്റ് വസ്തുക്കൾക്കിടയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ വിദേശത്തേക്ക് പോയതെന്ന് പൊലീസ് പറയുന്നു. മലപ്പുറം ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. ആർക്കുവേണ്ടിയാണ് ഇത് എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |