
ഇടുക്കി: നെടുങ്കണ്ടത്ത് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം ഇന്ന് പൂർത്തിയാവും. പച്ചടി തോട്ടുവാക്കട പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയും ഇന്ന് നടക്കും. മൃതദേഹങ്ങൾക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പൂർണ്ണമായും അഴുകിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാവൂവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, വയോധികയുടെ ഭർത്താവിന്റെ തിരോധാനം വീണ്ടുമന്വേഷിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. മേരിക്കുട്ടിയുടെ ഭർത്താവായ പാസ്റ്റർ മാത്യുവിനെ 2018 മേയ് ഒൻപതു മുതൽ കാണാതായിരുന്നു. അതിനുശേഷം രോഗാവസ്ഥയിലായ മേരിക്കുട്ടി മൂന്നുവർഷം മുമ്പ് പക്ഷാഘാതം വന്ന് കിടപ്പിലായി. മേരിക്കുട്ടിയും മക്കളായ റെജിയും സജിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അവിവാഹിതരായ സഹോദരങ്ങൾ രണ്ടുപേരും മദ്യപിച്ച് വീട്ടിൽ പതിവായി വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മേരിക്കുട്ടിയെ കാണാൻ മറ്റ് രണ്ട് പെൺമക്കളെ പോലും ഇവർ അനവദിച്ചിരുന്നില്ല.
ഒളിവിൽ പോയ ഇളയ മകൻ സജിക്കായി (43) പൊലീസ് തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. സജിയെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി ഷാജന്റെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |