കണ്ണൂർ: വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തു.
കണ്ണൂർ ആർ.ടി ഓഫീസിലെ സീനിയർ സൂപ്രണ്ട് ആയ ഉദ്യോഗസ്ഥൻ രജിസ്ട്രേഷൻ, റി-രജിസ്ട്രേഷൻ, ഹൈപ്പോത്തിക്കേഷൻ ക്യാൻസലേഷൻ, പെർമിറ്റ് എന്നീ അപേക്ഷകരിൽ നിന്നും ഏജന്റ് വഴി കൈക്കൂലി കൈപ്പറ്റുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥൻ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന വ്യക്തി കൈക്കൂലി പണം കൈമാറും. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സ്പെഷ്യൽ സെല്ലിൽ നിന്നുള്ള വിജിലൻസ് സംഘം ഇന്നലെ മിന്നൽ പരിശോധന നടത്തി. കൈക്കൂലി പണം കൈപ്പറ്റിയ ശേഷം രാത്രിയോടെ സ്വന്തം കാറിൽ തലശ്ശേരിയിലുള്ള വീട്ടിലേക്ക് പോകുമ്പോൾ തയ്യിൽ എന്ന സ്ഥലത്തുവച്ച് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം തടയുകയും പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയിൽ കാറിൽ നിന്നും കണക്കിൽപ്പെടാത്ത 32,200രൂപ പിടിച്ചെടുത്തു. തുടർന്ന് ആർ.ടി ഓഫീസിലും വിജിലൻസ് പരിശോധന നടത്തി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്നതിലോ, വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |