തൃശൂർ: കുന്നംകുളത്തെ കസ്റ്റഡി മർദ്ദനത്തിന്റെ വിവരങ്ങൾ പുറത്തുവന്നതിനുപിന്നാലെയാണ് പീച്ചി പൊലീസ് സ്റ്റേഷനിലുണ്ടായ ഗുരുതര വീഴ്‌ചകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പട്ടിക്കാട് ലാലീസ് ഹോട്ടലുടമയുടെ മകനും ജീവനക്കാരനുമാണ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായത്. 2023 മേയ് 24നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ഒന്നര വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഹോട്ടലുടമ കെ പി ഔസേപ്പിന് പീച്ചി സ്റ്റേഷനിലെ അന്നത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.
ഭക്ഷണം കഴിക്കാനെത്തിയവരുമായുളള തർക്കമാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഹോട്ടൽ ജീവനക്കാർ തന്നെ മർദ്ദിച്ചെന്ന് പാലക്കാട് വണ്ടാഴി സ്വദേശി പൊലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ മാനേജർ റോണി ജോണിയെയും ഡ്രൈവർ ലിഥിൻ ഫിലിപ്പിനെയും അന്നത്തെ എസ്എച്ച്ഒ ആയിരുന്ന പി എം രതീഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മർദ്ദിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ഔസേപ്പിന്റെ മകൻ പോൾ ജോസഫിനെയും എസ്എച്ച്ഒ മർദ്ദിച്ച് ലോക്കപ്പിൽ അടച്ചിരുന്നു. പരാതി ഒത്തുതീർപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഒത്തുതീർപ്പിനായി പരാതിക്കാരൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിൽ മൂന്ന് ലക്ഷം പൊലീസിനാണെന്ന് പരാതിക്കാരൻ ഔസേപ്പിനെ അറിയിച്ചിരുന്നു. വീട്ടിലെ സിസിടിവിക്ക് മുന്നിൽ വച്ചാണ് ഔസേപ്പ് അഞ്ച് ലക്ഷം രൂപ കൈമാറിയത്.
ഇതുമായി ബന്ധപ്പെട്ട് ഔസേപ്പ് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. 'പണം നൽകിയില്ലെങ്കിൽ വധശ്രമം, പോക്‌സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി മകനും ജീവനക്കാരനുമെതിരെ കേസെടുക്കുമെന്ന് എസ്എച്ച്ഒ ഭീഷണിപ്പെടുത്തി. പരാതിക്കാരനോടൊപ്പമുണ്ടായിരുന്ന കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചതിന് പോക്‌സോ കേസ് ചുമത്തുമെന്ന് പറഞ്ഞു. അഞ്ച് ലക്ഷമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്. ഗ്രേഡ് എസ് ഐ ജയേഷ് ഉൾപ്പെടെയുളളവർ ഇവർക്കൊപ്പമുണ്ടായിരുന്നു. എന്റെ വീട്ടിൽ വച്ചാണ് പണം നൽകിയത്.
അതോടെ പരാതിയില്ലെന്ന് അയാൾ പറയുകയായിരുന്നു. ഗ്രേഡ് എസ്‌ഐ ജയേഷിന്റെ വ്യക്തി വൈരാഗ്യവും കേസിന് കാരണമായി. അയാളുടെ ഒരു ബന്ധു ഞങ്ങളുടെ സൂപ്പർമാർക്കറ്റിൽ നിന്ന് 9000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചത് കണ്ടുപിടിച്ചിരുന്നു. അതാണ് വൈരാഗ്യത്തിനുളള കാരണം. എന്റെ പരാതി ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയിരുന്നു. സംഭവം നടന്ന് ഒരുമാസത്തിനുളളിൽ എസ്എച്ച്ഒയ്ക്ക് സർക്കിൾ ഇൻസ്‌പെക്ടറായി ചെറുതുരുത്തിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഇപ്പോൾ അയാൾ കടവന്ത്ര പൊലീസിൽ ക്രമസമാധാനത്തിന്റെ ചുമതല വഹിക്കുകയാണ്. വിവരം പുറത്തുവന്നതിനുപിന്നാലെ ഡിഐജി ഹരിശങ്കർ എന്നെ വിളിച്ചിരുന്നു. വിവരങ്ങളെല്ലാം അയച്ചുതരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനൽ പ്രവർത്തി ചെയ്തവർക്ക് സസ്‌പെൻഷൻ അല്ല നൽകേണ്ടത്'- ഔസേപ്പ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |