ലഖ്‌നൗ: ഭക്ഷണത്തിന്റെ പേരിലുള്ള തമ്മിലടിയും കൂട്ടത്തല്ലും ഇന്ന് പുതുമയുള്ള സംഭവമല്ല. സദ്യയിലെ പപ്പടത്തിന്റെ പേരിലും കപ്പലണ്ടിയുടെ പേരിലും ലെയ്‌സ് പൊട്ടറ്റോ ചിപ്‌സിന്റെ പേരിലും ഒക്കെ നടന്ന തല്ലുമാലകള്‍ പ്രശസ്തമാണ്. ഇപ്പോള്‍ ഈ കൂട്ടത്തിലേക്ക് ഏറ്റവും പുതിയതായി എത്തിയിരിക്കുന്നത് സമൂസയാണ്. സമൂസ വാങ്ങാത്തതുമായി ബന്ധപ്പെട്ട് ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടാകുകയും അത് ഭാര്യവീട്ടുകാര്‍ ഏറ്റെടുക്കുകയും ചെയ്തതാണ് വിഷയം. എന്തായാലും സംഭവം പൊലീസ് കേസ് ആയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലാണ് സംഭവം അരങ്ങേറിയത്. സമൂസയെച്ചൊല്ലി ശിവംകുമാര്‍ എന്ന യുവാവും ഭാര്യ സംഗീതയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സംഗീതയും അവരുടെ വീട്ടുകാരും ചേര്‍ന്ന് ശിവംകുമാറിനെ മര്‍ദ്ദിച്ച് അവശനാക്കി. ഇയാളുടെ അമ്മയുടെ പരാതിയില്‍ ഭാര്യക്കും ഭാര്യവീട്ടുകാര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. വീട്ടിലേക്ക് വരുമ്പോള്‍ സമൂസ വാങ്ങിക്കൊണ്ട് വരണമെന്ന് സംഗീത തന്റെ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. എന്നാല്‍ സാധനം വാങ്ങാതെയാണ് ഇയാള്‍ വീട്ടിലെത്തിയത്.
സമൂസ വാങ്ങാന്‍ മറന്നുപോയതാണെന്ന് ശിവംകുമാര്‍ പറഞ്ഞുവെങ്കിലും അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ സംഗീത ഭര്‍ത്താവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പിറ്റേദിവസം സംഗീത തന്റെ മാതാപിതാക്കളെ ഈ വിവരം അറിയിക്കുകയും ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയുംചെയ്തു. തുടര്‍ന്ന് സംഗീതയുടെ മാതാപിതാക്കളും ബന്ധുക്കളും ശിവംകുമാറുമായി സംസാരിച്ചു. പ്രശ്നം ഒത്തുതീര്‍പ്പായെന്ന് കരുതിയെങ്കിലും ഇതിനിടെ സംഗീതയും മാതാപിതാക്കളും ബന്ധുക്കളായ മറ്റുള്ളവരും ചേര്‍ന്ന് ശിവംകുമാറിനെ മര്‍ദിച്ചെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |