പാലക്കാട്: മദ്യവിൽപനശാലയുടെ ചുമര് തുരന്ന് രണ്ടര ലക്ഷം രൂപയുടെ വിദേശമദ്യം കവർന്നയാളെ പിടികൂടി. കൊല്ലങ്കോട് നെന്മേനി രവിയെയാണ് (53) പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലങ്കോട് ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിന്റെ ചുമര് തുരന്നായിരുന്നു മോഷണം. ഉത്രാടം നാളായ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അടച്ചിരുന്ന മദ്യശാലയിൽ മോഷണം നടത്തിയത്.
തിരുവോണം കഴിഞ്ഞ് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ജീവനക്കാരെത്തി കട തുറന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. വ്യാഴാഴ്ച ഇവിടെ 45 ലക്ഷത്തോളം രൂപയുടെ മദ്യവില്‍പ്പന നടന്നിരുന്നു. ഈ തുക സേഫില്‍ സൂക്ഷിച്ചിരുന്നെങ്കിലും അത് നഷ്ടമായില്ലെന്ന് ജീവനക്കാർ പറഞ്ഞു. കെട്ടിടത്തിന്റെ പിന്‍വശത്ത് കാലിപ്പെട്ടികള്‍ സൂക്ഷിക്കുന്ന ഷെഡിന്റെ പൂട്ടുപൊളിച്ചാണ് പ്രതിയും സംഘവും അകത്ത് കടന്നത്. തുടർന്ന് കെട്ടിടത്തിന്റെ ചുമര് ഒരു മീറ്ററോളം വ്യാസത്തില്‍ ഉളിയും ചുറ്റികയും ഉപയോഗിച്ച് പൊളിക്കുകയായിരുന്നു.
സംഘത്തിലെ ഒരാൾ മദ്യക്കുപ്പികളുളള പെട്ടികൾ തുരന്നഭാഗത്തുനിന്ന് പുറത്തേക്കിടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്ടിച്ച മദ്യക്കുപ്പികള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ കൊല്ലങ്കോട്ടും പരിസരങ്ങളിലും വ്യാപകമായി വിറ്റഴിച്ചതായി സൂചനയുണ്ട്. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ മദ്യശാലയുടെ പരിസരത്ത് എപ്പോഴും കറങ്ങിനടക്കാറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ഇവർ മോഷ്ടിച്ച പത്തിലധികം മദ്യക്കെയ്‌സുകൾ മതിലിനു പുറത്ത് കുറ്റിച്ചെടികള്‍ക്കിടയില്‍ ചാക്കിൽക്കെട്ടി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നായയെയും വിരലടയാള വിദഗ്ദരെയും എത്തിച്ചാണ് മദ്യശാലയിൽ പരിശോധന നടത്തിയത്. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊല്ലങ്കോട് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |