ജക്കാർത്ത: ഓരോ വർഷവും പാമ്പുകടിയേറ്റ് ആയിരത്തിൽപരം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ പാമ്പിനെ ഭയന്നും പാമ്പുകടിയേൽക്കാതിരിക്കാനും ആളുകൾ അവരുടെ കണ്ണിൽപ്പെടുന്ന പാമ്പുകളെ തല്ലിക്കൊല്ലുകയോ അല്ലെങ്കിൽ പാമ്പുപിടുത്തക്കാരുടെ സഹായത്തോടെ പിടികൂടി വനങ്ങളിൽ ഉപേക്ഷിക്കുകയോയാണ് പതിവ്. എന്നാൽ ഇന്തോനേഷ്യയിലെ ജാവയിലുളള കപെറ്റകൻ എന്ന ഗ്രാമത്തിലെ ജനങ്ങൾക്ക് പാമ്പിനെ പേടിയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അവർ പാമ്പുകളെ വലിയ തോതിൽ കൊല്ലുന്നുവെന്ന വിവരം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
ജാവയിലുളളവർ പാമ്പിനെ കൊല്ലുന്നത് ഫാഷൻ വസ്തുക്കൾ നിർമിക്കുന്നതിനാണ്. പാമ്പിന്റെ തൊലിയുരിഞ്ഞ് തിളക്കമുളള ഹാൻഡ്ബാഗുകൾ, ഷൂസുകൾ, ബെൽറ്റുകൾ തുടങ്ങി നിരവധി ആഡംബര വസ്തുക്കളാണ് ഇവിടെയുളളവർ നിർമിക്കുന്നത്. അടുത്തിടെ പാമ്പുകളെ ക്രൂരമായി കൊന്ന് തൊലിയുരിയുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് ജനങ്ങളിൽ വലിയ തരത്തിലുളള അസ്വസ്ഥതകളും ഉണ്ടാക്കിയിരുന്നു. ഇതോടെയാണ് മാദ്ധ്യമങ്ങൾ ജാവയെക്കുറിച്ചും അവിടെ നടക്കുന്ന വ്യവസായത്തെക്കുറിച്ചുമുളള വിവരങ്ങൾ അന്വേഷിച്ച് പുറത്തുവിട്ടത്.
ഗ്രാമത്തിലെ വക്കീറ എന്ന ആളുടെ കശാപ്പുശാലയിൽ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാളെ ബോസ് കോബ്ര എന്നാണ് നാട്ടുകാർ വിളിക്കുന്നത്. ഇവിടെ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ഇന്തോനേഷ്യയിലെ മാർക്കറ്റുകളിൽ ചുളുവിലയ്ക്കാണ് വിറ്റഴിയുന്നത്. എന്നാൽ ഈ ഉൽപ്പന്നങ്ങൾക്ക് വിദേശരാജ്യങ്ങളിൽ വലിയ ഡിമാൻഡാണ്. 33 ലക്ഷം രൂപയ്ക്ക് മുകളിൽ വരെ ലാഭം ലഭിക്കുന്നുണ്ട്. ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട വിവരം അനുസരിച്ച് വക്കീറയുടെ ഫാക്ടറിയിൽ പത്ത് പേർ ജോലി ചെയ്യുന്നുവെന്നാണ്. പ്രതിമാസം 13 ലക്ഷം രൂപയുടെ വരുമാനം ഫാക്ടറിയിൽ നിന്നുമാത്രം ലഭിക്കുന്നു.
ഉഗ്രവിഷമുളള മൂർഖന്റെ തൊലി വരെ നിമിഷങ്ങൾക്കുളളിലാണ് ഇവിടെ ഉരിഞ്ഞെടുക്കുന്നത്. ഇങ്ങനെ വേർതിരിച്ചെടുത്ത തൊലികൾ ജാവയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ എത്തിച്ചാണ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. കരകൗശല വിദഗ്ദരാണ് പാമ്പിന്റെ തൊലിയുപയോഗിച്ച് തിളക്കമുളള ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നത്. പാമ്പിന്റെ തൊലിയുരിയുന്ന രീതിയും പുറത്തുവന്നിട്ടുണ്ട്.
പാമ്പിന്റെ വായ്ക്കുളളിലൂടെ നീളമുളള ഒരു പൈപ്പ് കടത്തിവിടുന്നു. ശേഷം വായ്ക്കുളളിലേക്ക് വെളളം പമ്പ് ചെയ്യും. ഏകദേശം പത്ത് മിനിട്ട് കഴിയുമ്പോൾ പാമ്പുകളെ ഒരു മാംസക്കൊളുത്തിൽ കെട്ടിയിടുന്നു. ശേഷം തൊലിയുരിയുകയാണ്. ഇങ്ങനെ ചെയ്തുകഴിയുമ്പോൾ ചില പാമ്പുകൾ ചത്തുപോകും. മറ്റുചിലത് കുറച്ച് നാൾ ജീവിച്ച് ചാകുന്നു. വേർതിരിച്ചെടുക്കുന്ന തൊലി സൂര്യപ്രകാശത്തിന്റെ സഹായത്തോടെയോ അല്ലാതെയോ നന്നായി ഉണക്കിയെടുക്കുന്നു. എന്നിട്ടാണ് വിവിധയിടങ്ങളിലേക്ക് അയക്കുന്നത്.
പാമ്പിന്റെ മാംസത്തിനും പലസ്ഥലങ്ങളിലും വൻ ഡിമാൻഡാണ്. ചിലർ ഭക്ഷണത്തിനും മറ്റുചിലർ പ്രത്യേക മരുന്നുകൾ തയ്യാറാക്കാനും മാംസം ഉപയോഗിക്കുന്നു. ഇന്തോനേഷ്യക്കാരുടെ വിശ്വാസമനുസരിച്ച് പാമ്പിന്റെ മാംസം ചർമ്മരോഗങ്ങൾ തടയാനും ആസ്ത്മയ്ക്കും ലൈംഗികശേഷി വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ്. ഇത്തരം കാര്യങ്ങൾ മൃഗങ്ങളോടുളള ക്രൂരത തുറന്നുകാണിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലുളള ഭൂരിഭാഗം ആളുകളുടെയും പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |