സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെഎസ്‌കെ. ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്നെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിൽ മകൻ മാധവ് സുരേഷും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞ ഒരു കാര്യം വൈറലാകുകയാണ്. ഭക്ഷണം ആളുകൾക്ക് കൊടുക്കുന്നത് അച്ഛന് വലിയ ഇഷ്ടമാണെന്നാണ് മാധവ് പറഞ്ഞത്.
'അച്ഛൻ എംപിയായിരുന്ന സമയത്ത് ഓരോ തവണ ഡൽഹിയിൽ പോയി തിരിച്ചുവരുമ്പോഴും പത്ത് കിലോയോളം സ്വീറ്റ്സ് അല്ലെങ്കിൽ സ്നാക്സ് കൊണ്ടുവരുമായിരുന്നു. വീട്ടുകാർക്ക് മാത്രമുള്ളതായിരുന്നില്ല. അതാണ് ബെസ്റ്റ് പാർട്ട്. അച്ഛൻ പോകുമ്പോൾ ഫ്രണ്ട്‌സൊക്കെ ലിസ്റ്റ് കൊടുക്കും.
അതിൽ എടുത്തുപറയേണ്ടയാൾ ഷമ്മി അങ്കിളാണ്. കഴിഞ്ഞ മാസം കൂടി ബോക്സ് കൊടുത്തേയുള്ളൂ. ഭക്ഷണം ആളുകൾക്ക് കൊടുക്കുന്നത് അച്ഛന് വലിയ ഇഷ്ടമാണ്. ഇടയ്ക്ക് അമ്മ സെറ്റിലേക്ക് അവിടെയുള്ളവർക്ക് ഫുഡ് കൊടുത്തുവിടും.'- മാധവ് സുരേഷ് പറഞ്ഞു.
അതേസമയം, അനുപമ പരമേശ്വരനാണ് ജെഎസ്‌കെയിൽ മുഖ്യവേഷത്തിലെത്തുന്നത്. ഒരു കോർട്ട് റൂം ത്രില്ലറായ ജെഎസ്‌കെ അതിശക്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, രജിത് മേനോൻ, നിസ്താർസേട്ട്, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു, കോട്ടയം രമേഷ്, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ് മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |