ഇഷ്ട താരങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന അധികമാർക്കുമറിയാത്ത കാര്യങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ സംവിധായകൻ ആലപ്പി അഷ്റഫ് വെളിപ്പെടുത്താറുണ്ട്. അത്തരത്തിൽ നടി മീനയെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
'ഈയിടെ മീനയെക്കുറിച്ച് തമിഴിലെയും തെലുങ്കിലെയും സോഷ്യൽ മീഡിയകളിൽ ഒരു വാർത്ത പൊട്ടിപ്പുറപ്പെട്ടു. മീന ബിജെപിയിൽ ചേർന്നെന്നും അടുത്ത മന്ത്രിസഭാ പരിഷ്‌കരണവേളയിൽ മീന കേന്ദ്രമന്ത്രിയായി മാറുമെന്നുമായിരുന്നു ചൂടുപിടിച്ച വാർത്തകൾ. മീനയുടെ അമ്മ അടിയുറച്ച കോൺഗ്രസ് പ്രവർത്തകയായിരുന്നു. അന്നത്തെ തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവായിരുന്ന മൂപ്പനാരുടെ കൂടെ കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുള്ളയാളുമാണ്. ഇവർ ബേസിക്കലി കണ്ണൂർ സ്വദേശികളായ മലയാളികളാണ്. ചെറുപ്പത്തിലേ തമിഴ്നാട്ടിലേക്ക് ചേക്കേറിയവരാണ്.
മീനയുടെ കുടുംബ സുഹൃത്താണ് എൽ മുരുകൻ എന്ന ഇപ്പോഴത്തെ കേന്ദ്രമന്ത്രി. തമിഴ്നാട്ടുകാരായ ആ മന്ത്രിയും ഭാര്യയും കുട്ടികളും കുടുംബവുമൊക്കെ മീനയുടെ കടുത്ത ആരാധകരാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊങ്കൽ ആഘോഷത്തിലേക്കായി അവർ മീനയെ ഡൽഹിയിലേക്ക് ക്ഷണിച്ചു. കൊറിയോഗ്രാഫർ കലാമാസ്റ്റർക്കൊപ്പം മീന പോയി. പ്രധാനമന്ത്രിക്കൊപ്പം ആ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ ഉപരാഷ്ട്രപതിയേയും കണ്ടു. ഉടൻ തമിഴ്നാട്ടിലെ മീഡിയകളിൽ മീന ബിജെപിയിലേക്കെന്ന വാർത്ത പരന്നു. ബി ജെപി ഹിന്ദി നടി കങ്കണയെ വച്ച് ഒരു പരീക്ഷണം നടത്തിയെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ല. ഖുഷ്ബുവൊക്കെ വന്നെങ്കിലും അവരും വേണ്ടത്ര നേട്ടമൊന്നും ഉണ്ടാക്കിക്കൊടുത്തില്ല.
മീന ഇവരേക്കാളൊക്കെ വലിയ ഇന്റലിജന്റാണെന്നാണ് പറയപ്പെടുന്നത്. ബി ജെ പി നടത്തിയ ടെസ്റ്റുകളിലെല്ലാം അവർ പാസായി. ആയതിനാൽ അടുത്ത മന്ത്രിസഭാ പുനഃസംഘടനാ വേളയിൽ സഹമന്ത്രിയാക്കാൻ സാദ്ധ്യതയുള്ളതായി വാർത്തകൾ പ്രചരിപ്പിച്ചു. എന്നാൽ മീന അതിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും പറഞ്ഞിട്ടില്ല. ഈ വാർത്ത ചിലരെങ്കിലും വിശ്വാസത്തിലെടുത്തതിന് കാരണമുണ്ട്. മീനയുടെ അമ്മ പക്കാ രാഷ്ട്രീയക്കാരിയായിരുന്നല്ലോ.
മീനയെ നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നതിനാൽ അത് സംഭവിച്ചുകൂടായികയില്ല. എന്തായാലും ബി ജെ പിക്ക് ലൈവായി നിൽക്കുന്നൊരു സെലിബ്രിറ്റിയെ തമിഴ്നാട്ടിൽ പ്രചാരണത്തിന് ആവശ്യമുണ്ട്. അത് മീനയാണെങ്കിൽ ആൾക്കൂട്ടത്തെ സൃഷ്ടിക്കാനാകുമെന്നും അവർ കണക്കുകൂട്ടുന്നു. ഞാൻ അവരുടെ ചില അടുത്ത ബന്ധുക്കളോട് സംസാരിച്ചതിൽ നിന്ന് മനസിലാക്കുന്നത്, ഇപ്പോൾ അങ്ങനെ കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിട്ടില്ലെന്നാണ്. എന്നാൽ തമിഴ്നാട്ടിലെ സെലിബ്രിറ്റികളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നമുക്കൊന്നും പ്രവചിക്കാനാകില്ല.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |