സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായകൻ മനു സ്വരാജ് ഒരുക്കിയ ചിത്രമാണ് 'പടക്കളം'. തിയേറ്ററിലും ഒടിടിയിലും ഒരുപേലെ ശ്രദ്ധനേടിയ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് നാല് യുവാക്കളാണ് അതിൽ ഒരാളാണ് 25കാരനായ അരുൺ അജികുമാർ.
മലയാളികൾക്ക് അപരിചിതനല്ല അരുൺ, പൂക്കാലം, ലിറ്റിൽ ഹാർട്ട്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അരുൺ 'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിലെ പോസ്റ്റർ ഡിസെെൻ ചെയ്ത 'ഏസ്തറ്റിക്ക് കുഞ്ഞമ്മ'യുടെ ഉടമ കൂടിയാണ്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ അജികുമാറിന്റെയും രേഖയുടെയും മകനാണ് അരുൺ. അനിയത്തി ഐശ്വര്യ. മോഡേൺ ബ്രഡ് കമ്പനിയിൽ ജോലി ചെയ്യുകയാണ് അജികുമാർ. രേഖ, യോഗ അദ്ധ്യാപികയാണ്. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ച് കേരളകൗമുദി ഓൺലെെനിനോട് പറയുകയാണ് അരുൺ.
പടക്കളം ഇഫെക്‌റ്റ്
പടക്കളം എന്ന സിനിമയിലൂടെയാണ് എന്നെ കൂടുതലും ജനം തിരിച്ചറിയാൻ തുടങ്ങിയത്. പടക്കളത്തിന് മുൻപ് കുറച്ച് സിനിമകൾ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കൂടുതൽ ആൾക്കാർ എന്നെ തിരിച്ചറിഞ്ഞ് വന്ന് സംസാരിക്കുന്നത്. ഒടിടിയിൽ റിലീസ് ചെയ്തപ്പോഴേക്കും നിരവധി പേർ കാണുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഒരുപാട് പേർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സിനിമയിൽ ഉണ്ട്. നിരവധി എഡിറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. കേരളത്തിന് പുറത്തുനിന്നും മെസേജുകൾ വരുന്നുണ്ട്. അതിൽ ഒരുപാട് സന്തോഷം.
ഇഷ്ടം അഭിനയത്തോട്
മൂന്നാം ക്ലാസ് മുതൽ ഞാൻ നാടകം പഠിക്കുന്നുണ്ട്. നാടക ക്യാമ്പിൽ സജീവ സാന്നിദ്ധ്യം ആയിരുന്നു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പോയി നാടകം കളിച്ചിട്ടുണ്ട്. അപ്പോൾ മുതൽ അഭിനയത്തോടായിരുന്നു എറ്റവും ഇഷ്ടം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ജൂഡ് ആന്തണി ജോസഫ് സാറിന്റെ ഒരു ഷോർട്ട് ഫിലിമിൽ ഞാൻ അഭിനയിച്ചു. പിന്നീട് ഞാൻ പതുക്കെ പതുക്കെ ഓഡിഷൻസിൽ പങ്കെടുക്കാൻ തുടങ്ങി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ റോഷൻ ആൻഡ്രൂസ് സാറിന്റെ 'സ്കൂൾ ബസ്' എന്ന സിനിമയിൽ അഭിനയിച്ചു. അതായിരുന്നു എന്റെ ആദ്യ സിനിമ. ബികോം പഠനകാലത്ത് നിരവധി ഓഡിഷനിൽ പങ്കെടുത്തിരുന്നു. പക്ഷേ ഒന്നും കിട്ടിയില്ല. പിന്നെ കൊവിഡ് സമയത്താണ് ഞാൻ ഡിസെെൻ എജൻസിയായ 'ഏസ്തറ്റിക്ക് കുഞ്ഞമ്മ' തുടങ്ങുന്നത്. പിന്നെയാണ് ജീവിതത്തിൽ ഒരു മാറ്റം വന്നത്. ഡിസെെൻ ചെയ്യാനും മാർക്കറ്റിംഗ് ചെയ്യാനും ഇഷ്ടമാണ്. എന്നാലും ഏറ്റവും ഇഷ്ടം അഭിനയിക്കാനാണ്. അത് ഇനിയും നല്ലപോലെ തുടരാൻ ശ്രമിക്കും.
സുരാജേട്ടനും ഷറഫ് ഇക്കയും
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഞാൻ കണ്ടുവളർന്ന താരങ്ങളാണ് സുരാജേട്ടനും ഷറഫ് ഇക്കയും. അവരുടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞത് തന്നെ ഭാഗ്യം. അവർ ഭയങ്കര സപ്പോർട്ട് ആയിരുന്നു. ഒരു സീൻ എത്രത്തോളം മനോഹരമാക്കാമെന്നാണ് അവർ നോക്കുന്നത്. ഷൂട്ട് കഴിഞ്ഞാൽ എല്ലാവരും ഇരുന്ന് കഥയൊക്കെ പറഞ്ഞ് നല്ല കമ്പനിയായി. അത് ഈ ചിത്രത്തെയും സഹായിച്ചിട്ടുണ്ട്. നമ്മൾ ചെയ്യുന്നത് അടിപൊളിയാവണമെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ സുരാജേട്ടനും ഷറഫ് ഇക്കയും ആ സീൻ മൊത്തത്തിൽ എങ്ങനെ അടിപൊളിയാക്കാമെന്നാണ് നോക്കുന്നത്. ആ കാര്യം എനിക്ക് ഒരുപാട് പ്രചോദനം നൽകി.
ഏസ്തറ്റിക്ക് കുഞ്ഞമ്മ
മമ്മൂക്കയുടെ 'ഭ്രമയുഗം' ചിത്രമാണ് 'ഏസ്തറ്റിക് കുഞ്ഞമ്മ' എന്ന ഡിസെെൻ കമ്പനിക്ക് ഏറ്റവും കൂടുതൽ റീച്ച് നൽകിയത്. ഇപ്പോഴും ഏത് ഇൻഡസ്ട്രിയിൽ പോയാലും ഭ്രമയുഗത്തിന്റെ പോസ്റ്ററാണ് ഞങ്ങൾ ആദ്യം കാണിക്കുന്നത്. അതിൽ സംവിധായകൻ രാഹുൽ സദാശിവൻ സാറിനോടും മമ്മൂക്കയോടും നന്ദിയുണ്ട്. വലിയ ഒരു നിമിഷമായിരുന്നു അത്.
പോസ്റ്ററിന്റെ ഫോട്ടോഷൂട്ട് ചെയ്യുന്ന സമത്താണ് കൂടുതൽ മമ്മൂക്കയുമായി സംസാരിച്ചത്. മമ്മൂക്കയുടെ അഭിനയത്തിലെ മാജിക് അവിടെ കണ്ടു. നമ്മൾ ഒരു ഐഡിയ പറഞ്ഞാൽ അതിന്റെ പത്തിരട്ടി മമ്മൂക്ക ഇങ്ങോട്ട് തരും. വളരെ നല്ല അനുഭവങ്ങളായിരുന്നു അത്. ഹിറ്റ് 3, 3BHK, രശ്മിക മന്ദാനയുടെ മെെസ തുടങ്ങിയ പുതിയ ചിത്രങ്ങൾക്കും പോസ്റ്റർ ചെയ്തിട്ടുണ്ട്. മലയാളത്തിൽ നിവിൻ പോളിയുടെ 'സർവ്വം മായ'യാണ് പുതിയ പോസ്റ്റർ.
മലയാളം പറഞ്ഞ് എന്നെ ഞെട്ടിച്ചു
ഞാൻ വിദ്യ ബാലൻ മാഡത്തിനൊപ്പം 'Do Aur Do Pyaar' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വളരെ രസകരമായ ഒരു അനുഭവമായിരുന്നു അത്. പക്ഷേ അതിൽ നിന്ന് വേറെ ഹിന്ദി സിനിമയിലേക്ക് വിളിയൊന്നും വന്നില്ല. ഇനി ഭാവിയിൽ മറ്റ് ഭാഷകളിൽ നിന്ന് നല്ല അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദ്യ ബാലൻ ഒരു ഗംഭീര ആക്ടറാണ്. ഒരു സീൻ വളരെ ഭംഗിയായി മാറ്റാൻ അവർക്ക് അറിയാം. 10 ദിവസം ഊട്ടിയിലായിരുന്നു ഷൂട്ട്. എപ്പോഴും നമ്മുടെ കൂടെ ഇരുന്ന് സംസാരിക്കും. ഞാൻ വിദ്യാ മാഡവുമായി സംസാരിക്കാൻ ഹിന്ദി പഠിച്ചിട്ടാണ് പോയത്. പക്ഷേ എന്നോട് ഇങ്ങോട്ട് മലയാളം സംസാരിച്ചു. അവിടെ ഉണ്ടായിരുന്ന ദിവസങ്ങളിൽ ഞങ്ങൾ മലയാളത്തിലാണ് കൂടുതലും സംസാരിച്ചത്. അത് വളരെ നല്ല അനുഭവമായിരുന്നു.
പുതിയ ചിത്രങ്ങൾ
റിലീസിന് ഒരുങ്ങുന്ന നിവിൻ പോളി ചിത്രമായ 'സർവ്വം മായ'യിൽ ചെറിയ ഒരു വേഷത്തിലെത്തുന്നുണ്ട്. എനിക്ക് തമാശ അഭിനയിക്കാനും ഇമോഷണൽ സീൻ ചെയ്യാനും വളരെ ഇഷ്ടമാണ്. രണ്ടുമൂന്ന് കഥകൾ കേൾക്കുന്നുണ്ട്. ഒരു പുതിയ സിനിമ കൂടി ചെയ്യുന്നുണ്ട്. അതിന്റെ വിവരങ്ങൾ ഉടനെ പുറത്തുവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |