അടുത്ത കാലത്ത് ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഉയർത്തിയ ആരോപണങ്ങളെ തുടർന്ന് വാർത്തകളിൽ ഇടംപിടിച്ച താരമാണ് വിൻ സി അലോഷ്യസ്. മുൻപ് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ വിൻസി അലോഷ്യസ് തന്റെ പേര് വിൻ സി എന്നാക്കി മാറ്റിയിരുന്നു. അവാർഡ് നേട്ടത്തെ അഭിനന്ദിച്ച് വാട്സാപ്പിൽ അയച്ച സന്ദേശത്തിൽ മമ്മൂട്ടി അങ്ങനെ വിളിച്ചുവെന്നാണ് വിൻ സി പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇതിന് പിന്നിൽ മമ്മൂട്ടിയാണെന്ന് താൻ തെറ്റിദ്ധരിച്ചതാണെന്നും നടി വെളിപ്പെടുത്തിയത് ചർച്ചയായിരുന്നു.
ഇപ്പോഴിതാ പേര് മാറ്റത്തിന് പിന്നിലെ കഥയിൽ വീണ്ടും ട്വിസ്റ്റുമായി വന്നിരിക്കുകയാണ് വിൻ സി. മമ്മൂട്ടി തന്നെയായിരുന്നു മെസേജ് അയച്ചതെന്നും ആ നമ്പർ നിർമ്മാതാവായ ജോർജിന് അയച്ച് താൻ ഉറപ്പു വരുത്തിയെന്നുമാണ് നടി ഇപ്പോൾ പറയുന്നത്. അതിന്റെ തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും വിൻ സി വ്യക്തമാക്കി. സൂത്രവാക്യം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിൻ സി ഇക്കാര്യം വെളിപ്പെടുത്തിയത്.
വിൻ സി പറയുന്നതിങ്ങനെ :
കണ്ണൂർ സ്‌ക്വാഡിന്റെ തീയേറ്ററിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കാൻ ഒരാൾ എനിക്ക് മമ്മൂക്കയുടെ നമ്പർ തന്നിരുന്നു. വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് മെസേജ് അയച്ചത്. ഇടയ്ക്ക് ഇടയ്ക്ക് ഞാനെന്റെ ഓരോ അപ്‌ഡേറ്റ്സ് കൊടുത്തിരുന്നു.ഫിലിം ഫെയർ അവാർഡ് വേദിയിലേക്ക് മമ്മൂക്ക വന്നിരുന്നു. സ്റ്റേജിൽ ഞാൻ വളരെ എക്‌സൈറ്റഡായി, മമ്മൂക്കയ്ക്ക് മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹമാണ് എന്നെ വിൻ സി എന്ന് വിളിച്ചത് എന്നൊക്കെ പറഞ്ഞു. അവിടെ ഇരുന്ന മമ്മൂക്ക, ഞാൻ അറിഞ്ഞിട്ടില്ല, അങ്ങനെ മെസേജ് അയച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു.അപ്പോ പണി പാളി, വേറെ ആരെങ്കിലുമാവും എന്ന് ഞാൻ കരുതി.
ഈ നമ്പറിലേക്ക് ഇനി മെസേജ് അയക്കേണ്ട എന്ന് കരുതി വിട്ടു. അങ്ങനെ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ എന്തിനാണ് മമ്മൂക്കയുടെ പേര് വലിച്ചിഴയ്ക്കുന്നേ എന്ന് ആലോചിച്ച്, അത് അദ്ദേഹമല്ല വേറെ ആരോ ആണെന്ന് പറഞ്ഞു.പിന്നീട് അത് ട്രോളായി. പിന്നീട് ആ നമ്പറിൽനിന്ന് തന്നെ എനിക്ക് മെസേജ് വന്നു, വിൻ സി എന്നുതന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞ്. തനിക്ക് മതിയായില്ലല്ലേ, എന്നൊക്കെ എനിക്ക് ഉള്ളിൽ തോന്നി. ഞാൻ അങ്ങനെ വിളിച്ചോ എന്നൊക്കെ വീണ്ടും ഉരുണ്ടുകളിക്കുന്നതുകണ്ട്, പൊട്ടൻ കളിക്കുകയാണോ എന്ന് എനിക്ക് തോന്നി. എന്താണ് ഈ സംഗതി എന്ന് മനസിലാവാതെ ഞാൻ നമ്പർ സ്‌ക്രീൻഷോട്ട് ചെയ്ത് ജോർജേട്ടന് മെസേജ് അയച്ചു. ഇത് ആരുടെ നമ്പറാണെന്ന് ചോദിച്ചപ്പോൾ, മമ്മൂക്കയുടെ എന്ന് അദ്ദേഹം പറഞ്ഞു.
അപ്പോൾ ഇത്രേം കാലം ഉണ്ടാക്കിയ കഥകൾ ഒക്കെ എവിടെ എന്ന് എനിക്ക് അറിഞ്ഞൂടാ. മമ്മൂക്കാ വല്ലാത്തൊരു ചെയ്ത്തായിപ്പോയി എന്ന് ഞാൻ പറഞ്ഞു. ഡിസപ്പിയറിങ് മെസേജ് എന്തോ ഉണ്ടല്ലോ, പുള്ളിക്ക് ഇതൊന്നും ഓർമയില്ല. പിന്നീട് ഞാൻ ഡിസപ്പിയറിങ് മെസേജ് ഓഫ് ചെയ്തുവെച്ചു. മമ്മൂക്കാ, ഇതുകാരണമാണ് ഞാൻ പോരൊക്കെ മാറ്റിയത് എന്ന് പറഞ്ഞപ്പോൾ, സോറി ഞാൻ മറന്നുപോയി എന്ന് പറഞ്ഞു.ഇതാണ് കഥ. തെളിവുവേണമെങ്കിൽ എന്റെ ഫോണിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |