നാലു ത്രിമാന ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ ഒരുങ്ങുന്ന ഈ ചിത്രങ്ങൾ അടുത്ത വർഷം പ്രേക്ഷകരെ വിസ് മയിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസ് ത്രിമാന ചിത്രങ്ങളിൽ ഏറ്റവും മുന്നിൽ. വാസ്കോഡ് ഗാമയുടെ
നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറു വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് തേടുന്നത്.നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിൽ എത്തുന്നതാണ് പ്രമേയം. ചിത്രീകരണം പൂർത്തിയായ ബറോസ് അടുത്ത വർഷം തിയേറ്രറിൽ എത്തും.
ജയസൂര്യയെ നായകനാക്കി ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന കടത്തമറ്റത്ത് കത്തനാരിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ,ജോ ആന്റ് ദ ബോയ്, ഹോം എന്നീ സിനിമകൾക്കുശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർക്കുവേണ്ടി എറണാകുളത്ത് കൂറ്റൻ സെറ്റ് ഒരുങ്ങുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി വിർച്വൽ റിയാലിറ്റി പ്രൊഡക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ ചിത്രമാണ് കത്തനാർ. ലയൺകിംഗ്, ജംഗിൾ ബുക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് വിർച്വൽ റിയാലിറ്റി പ്രൊഡക്ഷൻ. രാജ്യാന്തര നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രം ഫാന്റസി ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ്. ഗോകുലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം സാങ്കേതിക മികവിൽ മുൻപന്തിയിലായിരിക്കും. ഏകദേശം 75 കോടി രൂപയാണ് ബഡ്ജറ്റ്.
മൂന്നു കാലഘട്ടങ്ങളിലൂടെ പീരിയോഡിക് എന്റർടെയ്നറായി കഥ പറയുന്ന ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ട്രിപ്പിൾ റോളിലാണ് ടൊവിനോ എത്തുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചെറുവത്തൂരിൽ ചിത്രീകരണം പുരോഗമിക്കുന്നു.
ആദ്യമായി ഒരേ സമയം ഏഴ് ഭാഷകളിൽ എത്തുന്ന ത്രിമാന ചിത്രമാണ് സാൽമൺ . ഏഴ് ഭാഷകളിലായി 42 ഗാനങ്ങൾ എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഗായകൻ വിജയ് യേശുദാസ് സർഫറോഷ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഷലീൽ കല്ലൂർ നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |