പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി. കറുത്ത ലാൻഡ് ക്രൂയിസറിൽ ചാരി കടലിലേക്ക് നോക്കി നിൽക്കുന്ന ചിത്രമാണ് താരം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. 'എല്ലാവർക്കും നിറയെ സ്‌നേഹവും നന്ദിയും, പിന്നെ സർവ്വശക്തനും' എന്ന കുറിപ്പും ചിത്രത്തിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. നടൻ വിക്രം, രമേഷ് പിഷാരടി, നിവിൻ പോളിയടക്കം നിരവധി പ്രമുഖരും ആരാധകരുമാണ് മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി എത്തിയിരിക്കുന്നത്.
മന്ത്രി കെ ബി ഗണേശ് കുമാർ ഒഫീഷ്യൽ പേജിൽ നിന്നുമാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസിച്ചിരിക്കുന്നത്. ഒരു കാലം ഒരൊറ്റ മമ്മൂക്ക, മടങ്ങിവരവിനായി നാടൊന്നാകെ കാത്തിരിക്കുകയാണ്, ആരാധകര്‍ സ്നേഹം ചൊരിയുന്നു എന്നീ തരത്തിലുളള കമന്റുകളും മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് വരുന്നുണ്ട്.
കലാമൂല്യമുള്ള സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ സിനിമ പോലെയാണ് മമ്മൂട്ടിയെന്നാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചത്. ആളുകൾക്ക് മമ്മൂട്ടിയെ ഇഷ്ടപ്പെടാൻ 100 കാരണങ്ങൾ ഉണ്ടാകുമെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു. അത് കാലത്തെ അതിജീവിക്കുമെന്നും എവിടെ എപ്പോഴാണെങ്കിലും വീണ്ടും വീണ്ടും കാണും. കണ്ടവര്‍ കാണാത്തവരോട് അതേക്കുറിച്ച് വാചാലരാകുമെന്നും ചെറിയ ഇടവേളയുണ്ടാകാമെങ്കിലും അതിഗംഭീരമായി മുന്നോട്ട് പോകും. കരഞ്ഞും ചിരിച്ചും സന്തോഷിച്ചും കയ്യടിച്ചും ആ കഥയ്ക്കൊപ്പം നമ്മളും മുന്നോട്ട് പോകുമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ചികിത്സയ്ക്കായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത് ആറുമാസത്തോളമായി ചെന്നൈയിൽ വിശ്രമത്തിലായിരുന്നു മമ്മൂട്ടി. താരം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറയുന്നത്. വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മമ്മൂട്ടി. അതേസമയം, മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നിരവധി ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. താരം വീട്ടില്‍ ഇല്ലെങ്കിലും കൊച്ചി എളംകുളത്തെ വീടിന് മുന്നില്‍ ഇന്നലെ അർദ്ധരാത്രി മുതൽ ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |