SignIn
Kerala Kaumudi Online
Wednesday, 10 September 2025 7.24 AM IST

ചിരിച്ചും രസിച്ചും സ്‌നേഹിച്ചും കൂടെ നടന്ന് ചതിച്ചെന്ന് അദ്ദേഹം പറഞ്ഞു; ക്യാപ്റ്റൻ രാജുവിനെക്കുറിച്ച് കഥകൾ കെട്ടിച്ചമച്ച പ്രമുഖ നടൻ

Increase Font Size Decrease Font Size Print Page
alleppey-ashraf

വില്ലത്തരം അഭ്രപാളിയിൽ മാത്രം പ്രതിഫലിപ്പിച്ച സ്‌നേഹസമ്പന്നനായ പച്ച മനുഷ്യനാണ് ക്യാപ്റ്റൻ രാജു. മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി, നായകന് ഒത്ത എതിരാളിയായി, കാണികളെ കൊണ്ട് വില്ലന് വേണ്ടി കയ്യടിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അദ്ദേഹം. പുറമെ പരുക്കനായി തോന്നുമെങ്കിലും വലിയൊരു മനസിന് ഉടമയായിരുന്നു അദ്ദേഹം. ആ വലിയ കലാകാരന്റെ ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

'സാധാരണ സിനിമാക്കാരിൽ കാണുന്ന പാരവയ്‌പ്പോ, മറ്റുള്ളവരെ പരിഹസിക്കുകയോ, മദ്യപിച്ച് അലമ്പുണ്ടാക്കുകയോ സ്ത്രീ വിഷയങ്ങൾ സംബന്ധിച്ച പ്രശ്നങ്ങളോ ഒന്നും അദ്ദേഹത്തിന്റെ അടുത്തുകൂടി പോയിട്ടില്ല. അത്തരം കഥകളൊന്നുമില്ലാത്തതിനാലാകാം മറ്റ് തരത്തിലുള്ള കഥകൾ ചിലർ പ്രചരിപ്പിച്ചിട്ടുള്ളത്.


വില്ലന്മാരായി അഭിനയിച്ചിരുന്ന ചില നടന്മാർ തമാശരീതിയിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം മിലിട്ടറി ടീമിന്റെ ക്യാപ്റ്റനല്ല, ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനാണെന്ന്. ക്യാപ്റ്റൻ രാജുവിനെക്കുറിച്ച് നടൻ മുകേഷ് പല പല കഥകളും കെട്ടിച്ചമച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയൊന്നുമില്ലാതിരുന്ന ആ കാലത്ത് മുകേഷ് കഥകൾക്ക് വലിയ പ്രചാരവും ലഭിച്ചിട്ടുണ്ട്.


ഒരിക്കൽ ക്യാപ്റ്റൻ രാജു രാവിലെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഡ്രൈവർക്കൊപ്പം പുറപ്പെട്ടു. കാറിന്റെ മുന്നിലൂടെ ഒരു പാർസൽ സർവീസ് വണ്ടി സഞ്ചരിക്കുന്നുണ്ടായിരുന്നു. അടൂരെത്തിയപ്പോൾ ആ വണ്ടിയിൽ നിന്ന് ഒരു പാഴ്സൽ താഴെ വീണു. പിന്നാലെ വന്ന രാജുച്ചായൻ കാർ അവിടെ നിർത്തി, പാഴ്സൽ വണ്ടിയിൽ കയറ്റി, മറ്റേ വണ്ടിയുടെ പിന്നാലെ പാഞ്ഞു. തുറവൂരെത്തിയപ്പോൾ മറ്റൊരു പാഴ്സൽ താഴെ വീണു. ഇതുകണ്ട ക്യാപ്റ്റൻ അതും കാറിൽ കയറ്റി. ഡ്രൈവറോട് സ്പീഡിൽ കാർ വിടാൻ പറഞ്ഞു. മറ്റേ വണ്ടിയെ ഓവർടേക്ക് ചെയ്ത് കൈകാണിച്ച് വണ്ടി നിർത്തി. പാഴ്സൽ താഴെ വീണതിനെക്കുറിച്ച് പറഞ്ഞു. അത് പത്രമാണെന്നും ഓരോ സ്ഥലത്തും ഇടേണ്ടതാണെന്നും അവർ മറുപടി നൽകി. സാർ തന്നെ അത് തിരിച്ചുകൊണ്ടിടണമെന്നും അവർ പറഞ്ഞു. അങ്ങനെ ക്യാപ്റ്റൻ രാജു വണ്ടി തിരിച്ച് അതുകൊണ്ടിടാനായി അടൂർ വരെ പോയി.

അന്നത്തെ കാലത്ത് മുകേഷ് കഥ സിനിമാ രംഗത്ത് കേൾക്കാത്തവർ ചുരുക്കമായിരുന്നു. ഈ കഥയും അതിന്റെ ഉറവിടവും ക്യാപ്റ്റൻ രാജുവിന്റെ ചെവിയിലുമെത്തി. ഇത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. മാത്രമല്ല അദ്ദേഹം ക്ഷുഭിതനായി. ഇതറിഞ്ഞ മുകേഷ് രാജുച്ചായനെ എങ്ങനെ അഭിമുഖീകരിക്കുമെന്നോർത്ത് ഭയത്തിലുമായി. മുകേഷിന്റെ ഈ കഥ വർഷങ്ങൾക്ക് ശേഷം ഏതോ സിനിമയിലും കോപ്പി ചെയ്തിട്ടുണ്ടെന്ന് അറിയാൻ സാധിച്ചു.

രാജുച്ചായൻ പറഞ്ഞത്, സിനിമയിൽ പാര പണിയുന്നവരും ശത്രുക്കളുമൊക്കെ ഒരുപാടുണ്ടെന്നാണ്. പക്ഷേ നമുക്കവരെ തിരിച്ചറിയാൻ പ്രയാസമാണ്. അവർ ചിരിച്ചും, രസിച്ചും സ്‌നേഹിച്ചുമൊക്കെ നമ്മോടൊപ്പം നടക്കുകയും നമുക്കിട്ട് പണിയുകയും ചെയ്യും. എനിക്കിട്ട് പണിഞ്ഞ പലരെയും തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. പക്ഷേ ഞാൻ അവരോട് ആരോടും പിണക്കമോ ദേഷ്യമോ കാണിച്ചിട്ടില്ല. അതിന്റെ കാരണം ഞാൻ ദൈവ വിശ്വാസിയാണ്. മുകളിലിരിക്കുന്ന ഒരാൾ ഇതെല്ലാം കാണുന്നുണ്ട്. കർമ എന്നൊന്ന് ഉണ്ട്. അതനുഭവിക്കും. പലരും അനുഭവിക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരിക്കൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ സിനിമയിലെ പല സ്‌നേഹിതന്മാരോടും പണം ആവശ്യപ്പെട്ടു. അന്നത്തെക്കാലത്തെ അമ്പതിനായിരം രൂപ. ആരും സഹായിച്ചില്ല. ഒടുവിൽ മോഹൻലാലിന്റെ മുഖം മനസിൽ വന്നു. മോഹൻലാൽ പ്രശ്നം പരിഹരിച്ചു. പണം വാങ്ങിയ ശേഷം പലിശ സഹിതം തിരിച്ചുതരുമെന്ന് ക്യാപ്റ്റൻ രാജു പറഞ്ഞത് ലാലിന് വിഷമമുണ്ടാക്കി. താനൊരു പലിശക്കാരനല്ലെന്നും സഹോദരനെ സഹായിച്ചതിന് പലിശയെന്തിനാണെന്നും ലാൽ ചോദിച്ചു. ഇക്കാര്യം രാജുച്ചായൻ എന്നോട് പറഞ്ഞിരുന്നു.'- ആലപ്പി അഷ്റഫ് പറഞ്ഞു.

TAGS: CAPTAIN RAJU, ALLEPPEY ASHRAF, MOVIENEWS, MALAYALAMMOVIE, ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.