കൊച്ചി: ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ മലയാള സിനിമയിലുള്ളൂവെന്ന് നടൻ ദിലീപ്. പരസ്‌പരം ചെളിവാരിയെറിയാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കവേയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.
''എല്ലാവർക്കും നമസ്‌കാരം, ഹാപ്പി ഓണം. മലയാള സിനിമയ്ക്ക് വളരെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. ഇത്രയും വലിയൊരു കൂട്ടായ്മ, നമ്മൾ ഒരുപാട് മീറ്റിങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. പല പ്രശ്നങ്ങളിൽ ഇടപെടുകയും ചർച്ചയുണ്ടാകുകയും ചെയ്തിട്ടുണ്ട്. എല്ലാവരും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ മലയാള സിനിമയിൽ ഉള്ളൂ എന്നാണ് എന്നും നമ്മൾ പറയുന്ന കാര്യം. പക്ഷേ, പലപ്പോഴും അത് വാക്കുകളിൽ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, സംഘടനകൾ മാറി മാറി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കരിവാരിതേയ്ക്കുന്ന, അല്ലെങ്കിൽ ചെളി വാരിയെറുന്ന സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചില സാഹചര്യങ്ങൾ വരുമ്പോൾ ഒത്തൊരുമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പക്ഷേ, ഇന്നത്തെ ദിവസം ഗംഭീരമായ ദിവസമായിട്ടാണ് ഞാൻ കാണുന്നത്. വലിയ സന്തോഷമുണ്ട്. ഇതുപോലെ പല ചർച്ചകളിലും പങ്കെടുത്തിട്ടുള്ള ഒരാളാണ് ഇന്ന് ഫിലിം ചേംബറിന്റെ പ്രസിഡന്റായ അനിൽ തോമസ്. പല ചർച്ചകളിലും ഞങ്ങൾ സ്ഥിരം സംസാരിക്കുന്ന ആളുകളാണ്.
എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സ്‌നേഹമുള്ള ആളുകളാണ് ഇതിനകത്ത് ഉള്ളത്. അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാൽ മനസിലാകുന്നവരാണ്. പക്ഷേ, സംഘടനയ്ക്ക് അകത്തു നിന്ന് സംസാരിക്കേണ്ട കാര്യങ്ങൾ പുറത്ത് പോയി സംസാരിക്കുന്നതാണ് പലപ്പോഴും നമ്മൾ കാണുന്നത്,
സംഘടനയുടെ ഭാഗമായ ഒരാൾ പുറത്തു പോയി നിന്ന് സംഘടനയ്ക്ക് നേരെ കല്ലെറിയുമ്പോഴാണ് ഇതിനകത്തുള്ളവർ ഓരോ വിഷയങ്ങളും അറിയുന്നത്. ഏതൊരു സംഘടനയുടെയും കാര്യങ്ങൾ നോക്കേണ്ടത് ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. അപ്പോൾ അവർക്ക് അവരുടേതായ നിലപാട് എടുക്കേണ്ടി വരും.
എല്ലാ സംഘടനകൾക്കും അവരുടേതായിട്ടുള്ള നിയമങ്ങളും രീതികളുമൊക്കെ ഉണ്ട്. അതിനകത്ത് പ്രശ്നങ്ങളും ഉണ്ടാകും. പുറത്തേക്ക് വരേണ്ട ശബ്ദം ഒന്നായിരിക്കണം. മറ്റൊരു അസോസിയേഷനുമായി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, 'ഞങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ട് അതൊന്ന് പരിഹരിക്കണം' എന്നു പറഞ്ഞ് കത്ത് കൊടുക്കണം. ഇവിടെ ഏറ്റവും അതോറിറ്റി എന്ന് പറയുന്നത് കാശ് മുടക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗമായ നിർമാതാക്കൾ തന്നെയാണ്.
ഒരാൾ ഒരു സിനിമയെടുക്കാൻ തീരുമാനിക്കുന്നു എന്നു പറയുന്നത് വലിയ കാര്യമാണ്. നിർമാതാക്കൾ അങ്ങനെ തീരുമാനിക്കുന്നത് കൊണ്ടാണ് ജോലി ഉണ്ടാകുന്നത്. ഒരുപാട് കുടുംബങ്ങൾ മുന്നോട്ട് പോകുന്നതും അതുകൊണ്ടാണ്. അതിനൊപ്പം തന്നെയാണ് സിനിമയുടെ സാങ്കേതികവശവും. ഒരു സിനിമയ്ക്ക് അനുയോജ്യമായ കഥയും സംവിധാന രീതികളും സാങ്കേതിക വശങ്ങളും എല്ലാം വേണം. വളരെ പ്രഗത്ഭരായ സാങ്കേതികപ്രവർത്തകരാണ് ഇന്ന് മലയാള സിനിമയിലുള്ളത്. തിരക്കഥയിലെ കാര്യങ്ങൾ മികച്ച രീതിയിൽ സ്‌ക്രീനിൽ അഭിനയിച്ച് ഫലിപ്പിക്കുന്ന താരങ്ങൾ, ഡിസ്ട്രൂബ്യൂട്ടേഴ്സ്, പ്രദർശനശാലകളെല്ലാം ചേരുന്ന കൂട്ടായ്മയാണ് സിനിമ.
അതുകൊണ്ട് പരസ്പരം ചെളിവാരിയെറിയാതിരിക്കാൻ ശ്രമിക്കാം. ഓരോ മേഖലയിലും ഉള്ളവരെ സംരക്ഷിക്കാൻ അതത് മേഖലകളിൽ സംഘടനകൾ ഉണ്ട്. സംഘടനയ്ക്കകത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ചർച്ച ചെയ്യണം. അത് മറ്റൊരു അസോസിയേഷനുമായി പങ്കുവെയ്ക്കാനും ചർച്ച ചെയ്യാനും ഉണ്ടെങ്കിൽ ഇതുപോലെ ഒരു കൂട്ടായ്മയിൽ ചർച്ച ചെയ്ത് പരിഹരിക്കാവുന്ന കാര്യമേ ഉള്ളൂ. അതിന് മുൻകൈ എടുത്ത കേരള ഫിലം ചേംബർ ഓഫ് കൊമേഴ്സിന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.
മീഡിയ ജനങ്ങളുടെയടുത്ത് വാർത്തയെത്തിക്കുന്നതാണ്. എല്ലാവർക്കും നെഗറ്റീവായിട്ടുള്ള കാര്യങ്ങളായിരിക്കാം താത്പര്യം. 'നിങ്ങൾക്ക് എന്താണ് പറയാനുള്ളത്... പറയൂ' എന്ന് അവർ പ്രകോപിപ്പിക്കും. പക്ഷേ സംഘടനയുടെ അച്ചടക്കം എന്ന് പറയുന്നത് ആ സംഘടനയുടെ ഭരണസമിതിക്കുള്ളിൽ സംസാരിച്ച് പരിഹരിച്ചതിന് ശേഷം ഒരു ശബ്ദമായി മാത്രം പുറത്തുവരണം. ആരെയാണോ സംസാരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് അവർ വന്ന് സംസാരിക്കണം.
എന്നാൽ മലയാള സിനിമയിൽ ഇന്ന് കൂടുതൽ കാണുന്നത്, ഏത് സംഘടനയിൽ ആയാലും ഒരാൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അവർ പോയി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറയുന്നതാണ്. അതു മാറണം. മീഡിയയെ കുറ്റം പറയുകയല്ല. മീഡിയയുടെയും സപ്പോർട്ട് വേണം. സിനിമ എന്നുപറയുന്നത് അത്രയും വലിയ മേഖലയാണ്. ഇതിലുള്ളവരെ തമ്മിൽത്തല്ലിക്കരുത്. ഇതൊക്കെ നമ്മുടെ അഭിമാനമായ കൂട്ടായ്മകളാണ്. മലയാള സിനിമ ഗംഭീരമായി മുന്നോട്ട് പോകട്ടെ.'- ദിലീപ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |