ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് പ്രിയാ വാര്യർ. തമിഴ് ഉൾപ്പെടെ പല ഭാഷകളിലും താരം അഭിനയിച്ചിരുന്നു. സിനിമയിൽ അവസരം കുറഞ്ഞതിനെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെയുണ്ടായ വിമർശനങ്ങളെക്കുറിച്ചും പ്രിയ പല അഭിമുഖങ്ങളിലും പങ്കുവച്ചിരുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മന്ദാകിനിയാണ് പ്രിയയുടെ അവസാന മലയാള ചിത്രം. ഇപ്പോഴിതാ പ്രമുഖ സംവിധായകന്റെ സിനിമയിൽ നിന്ന് മാറ്റിയതിനെക്കുറിച്ച് താരം ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ്.
'എല്ലാവരോടും അഭിനയിക്കാനായി അവസരം ചോദിക്കാറുണ്ട്. ഒരു സിനിമയിൽ നിന്ന് എന്നെ അവസാനമായപ്പോഴേയ്ക്കും മാറ്റി. അത് വലിയ സങ്കടത്തിലാക്കി. ആ സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തിരുന്നു. കഥാപാത്രത്തിനായി ഞാൻ ഓരോ കാര്യങ്ങൾ പരിശീലിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് കൂടുതൽ സങ്കടമുണ്ടായത്. എനിക്ക് വന്ന പല സിനിമകളും മാറ്റിവച്ചിട്ടാണ് ആ കഥാപാത്രത്തിനായി കാത്തിരുന്നത്. ഒരു ഗാനരംഗത്തിൽ അഭിനയിക്കുന്നതിന് ആറ് ദിവസത്തോളം കഷ്ടപ്പെട്ടിരുന്നു.
ഇതെല്ലാം കഴിഞ്ഞിട്ട് ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് എന്നെ ആ കഥാപാത്രത്തിൽ നിന്ന് മാറ്റിയത്. ആ സിനിമയുടെ സംവിധായകന് ഞാൻ സ്ഥിരം മെസേജ് അയച്ച് അഭിനയിക്കാൻ അവസരം ചോദിച്ചിരുന്നു. ഏകദേശം രണ്ട് വർഷത്തോളം മെസേജ് അയച്ചിട്ടാണ് ആ അവസരം ലഭിച്ചത്. എന്നെ മാറ്റിയെന്നറിഞ്ഞപ്പോൾ തന്നെ സംവിധായകനെ വിളിച്ച് എന്റെ വിഷമം അറിയിച്ചിരുന്നു. ഇനി അവസരം വരുമ്പോൾ വിളിക്കാമെന്നാണ് സംവിധായകൻ എന്നോട് പറഞ്ഞത്. എനിക്കവരോട് ദേഷ്യമൊന്നും തോന്നിയിട്ടില്ല'- പ്രിയാ വാര്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |