അമരാവതി: ബോഡി ഷെയ്‌മിംഗ് പരാമർശം നടത്തിയ മാദ്ധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി നടി. തെലുങ്ക് നടി ലക്ഷ്‌മി മഞ്ചു ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തെലുങ്കിനുപുറമെ തമിഴ്, ഹിന്ദി, മലയാളം, ഹോളിവുഡ് ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രത്തിലെ വേഷത്തിലൂടെയാണ് മലയാളികൾക്ക് നടിയെ പരിചയം.
സിനിമാ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ മാദ്ധ്യമപ്രവർത്തകൻ വസ്‌ത്രധാരണത്തെക്കുറിച്ചും പ്രായത്തെക്കുറിച്ചും ചോദിച്ചതിനെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. തെലങ്കാന ഫിലിം ചേമ്പർ ഒഫ് കൊമേഴ്‌സിലാണ് (ടിഎഫ്‌സിസി) നടി പരാതി നൽകിയത്.
മുംബയിലേയ്ക്കുള്ള മാറ്റം ലക്ഷ്മിയുടെ വസ്‌ത്രധാരണത്തെയും മാറ്റിയെന്നായിരുന്നു മാദ്ധ്യമപ്രവർത്തകൻ പറഞ്ഞത്. മുംബയിലേയ്ക്ക് മാറുന്നതിന് മുൻപ് താൻ ഏറെക്കാലം അമേരിക്കയിൽ കഴിഞ്ഞിരുന്നുവെന്നാണ് നടി ഇതിന് മറുപടി നൽകിയത്. അൻപതിലേയ്ക്ക് അടുത്തിരിക്കുന്ന, ഒരു പെൺകുട്ടിയുടെ അമ്മയായ ലക്ഷ്മിയുടെ വസ്ത്രധാരണത്തിൽ ആളുകൾ കമന്റ് ചെയ്യുമെന്ന് മാദ്ധ്യമപ്രവർത്തകൻ വീണ്ടും പരാമർശം നടത്തിയതോടെ നടി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ഈ ചോദ്യം പുരുഷന്മാരോട് ചോദിക്കുമോയെന്നും എന്ത് ധൈര്യത്തിലാണ് ചോദിച്ചതെന്നും നടി പ്രതികരിച്ചു.
മാദ്ധ്യമപ്രവർത്തനത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരതയെന്നാണ് അഭിമുഖത്തെക്കുറിച്ച് നടി പരാതിയിൽ പറഞ്ഞത്. കടുത്ത ചോദ്യങ്ങളെ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു. അത് തന്റെ തൊഴിലിന്റെ ഭാഗമാണ്. എന്നാൽ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്ന ഇത്തരം ചോദ്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും നടി പരാതിയിൽ വ്യക്തമാക്കി. മോശം പരാമർശം നടത്തിയ മാദ്ധ്യമപ്രവർത്തകൻ പരസ്യമായി മാപ്പ് പറയണം. ഇത്തരം അനുഭവം മറ്റൊരു സ്ത്രീക്കും ഉണ്ടാകാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നടി ടിഎഫ്‌സിയോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |