
തനിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളിൽ പ്രതികരിക്കാൻ പോകാറില്ലെന്ന് സിനിമാ- സീരിയൽ താരം ടി ടി ഉഷ. 90കളിൽ നടിയായും സഹനടിയായും മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഉഷ. സംഘടനകളിൽ ശക്തമായി പ്രതികരിക്കുന്നതുകൊണ്ട് തന്നെയും സീരിയൽ നടനായ മകനെയും അഭിനയത്തിൽ നിന്ന് വെട്ടിമാറ്റുകയായിരുന്നുവെന്നും അവർ പറഞ്ഞു. ചെറിയപ്രായത്തിൽ കുടുംബത്തിൽ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും നടി വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉഷ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'ചെറിയപ്രായത്തിലായിരുന്നു വിവാഹം. അധികം വൈകാതെ തന്നെ രണ്ട് മക്കളുമുണ്ടായി. എന്റെ പതിനെട്ടാം വയസിലാണ് ഭർത്താവിന് ഒരു അപകടം സംഭവിച്ച് മരിച്ചത്. പിന്നെ പോരാടിയാണ് ജീവിച്ചത്. ചെന്നൈയിലെ ഒരു ബ്യൂട്ടിപാർലറിൽ ജോലിക്കെത്തിയതോടെയാണ് ചില മാറ്റങ്ങൾ സംഭവിച്ചത്. ബ്യൂട്ടിപാർലറിലെത്തിയ സംവിധായകനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുപോയത്. അന്ന് അഭിനയത്തിൽ മത്സരമില്ലായിരുന്നു. ഭർത്താവ് മരിച്ചതിനുശേഷം വളരെ കഷ്ടപ്പെട്ടാണ് ഞാൻ ജീവിച്ചത്. ഒരാളുപോലും സഹായത്തിനായി വന്നിട്ടില്ല.
ഞാൻ പറയുന്ന പല കാര്യങ്ങളും വിവാദത്തിലായിരുന്നു. സൈബർ ആക്രമണങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട്. സത്യം തുറന്നുപറഞ്ഞതുകൊണ്ട് പല അവസരങ്ങളും നഷ്ടമായി. എന്റെ മകൻ സീരിയൽ രംഗത്ത് നല്ല വേഷങ്ങൾ ചെയ്തിരുന്നു. നായകനായും വില്ലനായും അഭിനയിച്ചു. എന്നാൽ പ്രത്യേക അവസരത്തിൽ അവനെ അടിവേരോടെ പിഴുതെറിയുകയായിരുന്നു. അങ്ങനെയാണ് അവൻ അഭിനയം നിർത്തിയത്. അഭിനയത്തിൽ നിന്ന് വെട്ടിമാറ്റിയിരുന്നു. ഇപ്പോൾ അവൻ കുടുംബവുമായി അയർലൻഡിൽ സന്തോഷത്തോടെ ജീവിക്കുന്നു.
ഇപ്പോൾ അമ്മയുടെ തിരഞ്ഞെടുപ്പിൽ വരെ ഞാൻ തലമൂടിയാണ് പോകുന്നത്. ഇപ്പോഴുളള പെൺകുട്ടികൾ ധരിക്കുന്ന വേഷം കാണുന്നതാണല്ലോ. ആ സമയത്താണ് ഞാൻ പണ്ട് അഭിനയിച്ച ചില സീനുകൾ വെട്ടിയെടുത്ത് മോശംവിധത്തിൽ പ്രചരിപ്പിക്കുന്നത്. 90കളിലെ നടിമാർ അഭിനയിച്ചതുപോലെയാണ് ഞാനും അഭിനയിച്ചിരുന്നത്. ഒരുകാലത്ത് വിദേശതാരങ്ങളുടെ അശ്ലീല വീഡിയോകൾക്കൊപ്പമാണ് ചില നടിമാരുടെ തല ചേർത്ത് സിനിമ പ്രദർശിപ്പിച്ചിട്ടുളളത്. ഇതൊന്നും മനസിലാക്കാൻ കഴിയാത്ത ഒരുകൂട്ടം ആളുകളുണ്ട്. ആ പ്രശ്നത്തിന്റെ ഭാഗമായിരുന്നു ഞാൻ. കഴിഞ്ഞ കുറേ വർഷങ്ങളായി ഒരുകൂട്ടം ആളുകൾ എന്നെ ടാർഗറ്റ് ചെയ്യുന്നുണ്ട്. അത് എനിക്ക് മനസിലായിട്ടുണ്ട്'- ഉഷ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |