ഇന്നത്തെ കാലത്ത് പോക്കറ്റിൽ കൈയിട്ട് നടക്കുന്നത് സ്റ്റൈലിഷായോ കാഷ്വൽ ഫാഷനായിട്ടോ ആണ് പലരും കാണുന്നത്. എന്നാൽ ബോഡി ലാംഗ്വേജ് വിദഗ്ധരുടെയും മനഃശാസ്ത്രഞ്ജരുടെയും കാഴ്ചപ്പാടിൽ ഈ നിസാരമായ ശീലം പോലും ഒരു വ്യക്തിയുടെ മാനസികാവസ്ഥയെക്കുറിച്ച് ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തുന്നു.
കണ്ണുകളിലെ നോട്ടം, മുഖഭാവങ്ങൾ, കൈയുടെ ചലനങ്ങൾ, നിൽക്കുന്ന രീതി എന്നിവയെല്ലാം ഒരാളുടെ ഉപബോധ മനസിലെ ചിന്തകളിലേക്കും വൈകാരിക നിലയിലേക്കും വെളിച്ചം വീശുന്നുണ്ട്. ഒരാൾ എങ്ങനെ നിൽക്കുന്നു, കൈകൾ എവിടെ വയ്ക്കുന്നു, എങ്ങനെ നടക്കുന്നു എന്നിവയെല്ലാം ഒരാളുടെ ആത്മവിശ്വാസം, ഉത്കണ്ഠ, പൊതുവായ സാമൂഹിക മനോഭാവം എന്നിവയെ സൂചിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വെളിപ്പെടുത്തൽ.
പോക്കറ്റിൽ കൈയിടുന്നത് പലരും ഫാഷനായി കാണുമ്പോൾ ചിലർക്ക് ഈ ശീലം സുരക്ഷിതത്വവും ആശ്വാസവുമാണ് നൽകുന്നത്. സാമൂഹികമായോ അപരിചിതമായ സാഹചര്യങ്ങളിലോ ഒരാൾ ഉപബോധ മനസിൽ സ്വയം ആശ്വസം നൽകുന്ന ഈ രീതിയെ ബോഡി ലാംഗ്വേജിൽ സെൽഫ് കംഫർട്ട് ഗെസ്ച്ചർ അഥവാ സ്വയം-ആശ്വാസ ആംഗ്യം എന്നാണ് വിളിക്കുന്നത്.
ചിലപ്പോൾ ശാന്തത നിറഞ്ഞ ആത്മവിശ്വാസത്തിന്റെ അടയാളമാണ് പോക്കറ്റിൽ കൈയിടുന്നത്. കൂട്ടത്തിൽ നിൽക്കുമ്പോൾ ഈ ശീലമുള്ളവർ വളരെ ശാന്തരായി കാണപ്പെടും. ഇവർ അധികം സംസാരിക്കാതെ ചുറ്റുമുള്ള കാര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയും അനാവശ്യ ശ്രദ്ധ നേടാതെ തന്നെ തങ്ങളുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നവരായിരിക്കും.
എന്നാൽ എല്ലാവരും പോക്കറ്റിൽ കൈയിടുന്നത് ആത്മവിശ്വാസം കൊണ്ടാവില്ല. ചിലർക്ക് ഇത് ഉള്ളിലുള്ള അസ്വസ്ഥതയുടെയും ബുദ്ധിമുട്ടിന്റെയും സൂചനയാണ്. ഇക്കൂട്ടർക്ക് മറ്റുള്ളവരുമായി തുറന്ന് സംസാരിക്കാനോ ഒരു കൂട്ടത്തിൽ സ്വന്തം അഭിപ്രായം ഉറപ്പിച്ചു പറയാനോ മടിയോ പ്രയാസങ്ങളോ ഉണ്ടാവാം.
ചിലർക്ക് തങ്ങളുടെ വികാരങ്ങൾ സ്വാഭാവികമായ രീതിയിൽ സ്വകാര്യമായി സൂക്ഷിക്കാനായിരിക്കും ഇഷ്ടമുണ്ടാകുക. കൈകൾ പോക്കറ്റിൽ വച്ച് സംസാരിക്കുന്നതും നിൽക്കുന്നതും ചിലരിൽ സ്വന്തം വികാരത്തെ മറച്ചു പിടിക്കുന്ന ആംഗ്യമായിട്ടാണ് കാണിക്കുന്നത്. ഇത്തരം വ്യക്തികൾ അന്തർമുഖരും ഒതുങ്ങിക്കൂടുന്നവരുമായിരിക്കും. വികാരങ്ങളെ നിയന്ത്രിക്കാനും ഒരു പരിധി വരെ വ്യക്തിപരമായ അകലം പാലിക്കാനുമുള്ള അവരുടെ മാർഗമാണിത്.
അതേസമയം പോക്കറ്റിൽ കൈയിടുന്നതിനെ പലരും നിഷേധമായി കാണുന്നുണ്ടെങ്കിലും ശാന്തമായി വിശ്രമിക്കുമ്പോഴും ലാഘവത്തോടെ പലരും പോക്കറ്റിൽ കൈയിടാറുണ്ട്. അനാവശ്യ സമ്മർദ്ദങ്ങളില്ലാതെ ജീവിതം മുന്നോട്ട് പോകാൻ ഇഷ്ടപ്പെടുന്ന സ്വഭാവത്തിന്റെ ലക്ഷണങ്ങളായി ഇതിനെ കണക്കാക്കുന്നു.
പൊതുസ്ഥലത്തെ ഒരാളുടെ നില്പ് കൂട്ടത്തിലേക്ക് വരുമ്പോഴുള്ള അവരുടെ സ്വഭാവം പറയാൻ സഹായിക്കും. നിരന്തരം പോക്കറ്റിൽ കൈയിടുന്നവർ അധികം ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കാത്തവരായിരിക്കും. അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കാനും, ഒരു കാര്യത്തിൽ പൂർണ്ണമായി ഇടപെടുന്നതിനു മുൻപ് എല്ലാം ഒന്നുകൂടി വിലയിരുത്താനുമാണ് ഇഷ്ടം.
അതുകൊണ്ട് ഇനി നിങ്ങളോ മറ്റൊരാളോ പോക്കറ്റിൽ കൈയിടുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കുക. ഇത് വെറുമൊരു ശീലമല്ല. ഒരാളുടെ ആത്മവിശ്വാസമോ, ഭയമോ, അല്പം ആശ്വാസം തേടലോ ആകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |