ഇത്തവണ മോഹൻലാലിന്റെ ഓണം. 44 വർഷം എത്തിയ അഭിനയ യാത്രയിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് സെപ്തംബർ 12ന് തിയേറ്ററിൽ എത്തും. ത്രിമാന ചിത്രമായ ബറോസിൽ ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാലിന്. ആന്റണി വർഗീസിന്റെ ആക്‌ഷൻ ത്രില്ലർ കൊണ്ടൽ സെപ്തംബർ 12ന് റിലീസ് ചെയ്യും. നവാഗതനായ അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടൽ പൂർണമായും കടലിന്റെ പശ്ചാത്തലമാണ്. വീക്കെൻഡ് ബ്ളോക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, രാജ് ബി. ഷെട്ടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ താര നിരയിൽ ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന റൈഫിൾ ക്ളബ് 12ന് തിയേറ്ററിൽ. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് വിൻസി അലോഷ്യസ് എന്നിവരാണ് പ്രധാന താരങ്ങൾ. ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മലയാള അരങ്ങേറ്റമാണ്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആണ് നിർമ്മാണം. ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം, ഐഡന്റിറ്റി എന്നീ ചിത്രങ്ങളിൽ ഒരെണ്ണം ഓണം റിലീസായി എത്തും. നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം ത്രിഡിയിലാണ് ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ ചിത്രങ്ങളാണ് അജയന്റെ രണ്ടാം മോഷണവും ഐഡന്റിറ്റിയും. ഫ്ളോറൻസിക് എന്ന ചിത്രത്തിനുശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ - അനസ്‌ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്റിറ്റിയിൽ തൃഷ ആണ് നായിക. സുരാജ് വെഞ്ഞാറമൂട് നായകനായി ആദ്യമായി നിർമ്മാതാവിന്റെ കുപ്പായം അണിയുന്ന ഇ.ഡി എന്ന ചിത്രം ഓണം റിലീസായി ഒരുങ്ങുന്നുണ്ട്. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് സുരാജ് കഥാപാത്രം. മഞ്ജുവാര്യർ നായികയായി എത്തിയ ആയിഷ എന്ന ചിത്രത്തിനുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് .
വിജയ് നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് സെപ്തംബർ 5നും ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ 7നും റിലീസ് ചെയ്യും. വെങ്കി അട്‌ലുരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കറിൽ മീനാക്ഷി ചൗധരിയാണ് നായിക. വിജയ് ചിത്രത്തിലും മീനാക്ഷി ചൗധരി തന്നെയാണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |