ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു
അർജുൻ അശോകൻ, ഫെമിന ജോർജ് , ജഗദീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതരായ ജോജി തോമസ് ,രാജേഷ് മോഹൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി മുണ്ടക്കയത്ത് ചിത്രീകരണം ആരംഭിച്ചു.
വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായി വെള്ളിത്തിരയിൽ എത്തിയ ജോജി തോമസ്, ജോണി ജോണി യേസ് അപ്പാ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിനും രചന നിർവഹിച്ചിട്ടുണ്ട്. തീപ്പൊരി ബെന്നിയുടെ രചന ജോജിയും രാജേഷ് മോഹനും ചേർന്നാണ് നിർവഹിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന രാഷ്ട്രീയ ചിത്രം എന്നാണ് സൂചന. അർജുൻ അശോകനും ഫെമിനയും ആദ്യമായാണ് നായകനും നായികയുമായി ഒരുമിക്കുന്നത്.
ടൊവിനോ തോമസിന്റെ മിന്നൽ മുരളിയിൽ ബ്രൂസിലി ബിജി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് ഫെമിന. ചിത്രീകരണം പൂർത്തിയായ കല്യാണി പ്രിദയർശൻ ചിത്രം ശേഷം മൈക്കിൽ ഫാത്തിമയിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.അപർണദാസിനെയായിരുന്നു ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്.
ഡേറ്റ് ക്ളാഷിനെ തുടർന്ന് അപർണ പിൻമാറുകയായിരുന്നു. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ ആണ് തീപ്പൊരി ബെന്നി നിർമിക്കുന്നത്. ഛായാഗ്രഹണം: അജയ് ഫ്രാൻസിസ് ജോർജ്.
അതേസമയം നായകവേഷത്തിൽ തിളങ്ങുകയാണ് അർജുൻ അശോകൻ. നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |