മലയാളത്തിന്റെ ക്ളാസിക് ചിത്രങ്ങളിൽ ഒന്നായി ഉൾപ്പെടുത്താവുന്ന സിനിമയാണ് പി പത്മരാജൻ ഒരുക്കിയ 'ഞാൻ ഗന്ധർവൻ'. മലയാളികൾ ഇന്നും ആകാംഷയോടെ കണ്ടിരിക്കുന്ന ദൃശ്യവിസ്‌മയങ്ങൾ നൽകിയ സിനിമയായിരുന്നു അത്. മലയാളത്തിന് അനേകം ഹിറ്റുകൾ സമ്മാനിച്ച പത്മരാജന്റെ അവസാന സിനിമ കൂടിയായിരുന്നു ഞാൻ ഗന്ധർവൻ. ഗുഡ് നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ മോഹൻ ആണ് സിനിമ നിർമിച്ചത്. ഇപ്പോഴിതാ സിനിമാ റിലീസിനുശേഷമുണ്ടായ ചില ഞെട്ടിക്കുന്ന അനുഭവങ്ങൾ മോഹൻ മുൻപ് പങ്കുവച്ചത് വീണ്ടും ശ്രദ്ധനേടുകയാണ്.
'ഞാൻ ഗന്ധർവൻ പ്രതീക്ഷിച്ചയത്ര വിജയം നേടിയിരുന്നില്ല. അതുകൊണ്ട് അതിന്റെ പരാജയം മറക്കാൻ ഒരു സിനിമ കൂടി ചെയ്യാൻ ഞാനും പപ്പേട്ടനും (പത്മരാജൻ) തീരുമാനിച്ചു. ഹോട്ടലിൽ രാത്രി 12 മണിവരെ ഇതേക്കുറിച്ച് സംസാരിച്ചാണ് ഞങ്ങൾ പിരിഞ്ഞത്. പിറ്റേന്ന് ഗാന്ധിമതി ബാലൻ ഓടിവന്ന് പറഞ്ഞു പപ്പേട്ടൻ വിളിച്ച് എഴുന്നേൽക്കുന്നില്ല എന്ന്. ഒരുനിമിഷം വല്ലാതെ ആയിപ്പോയി. ഞാൻ ഓടി മുറിയിലേയ്ക്ക് ചെന്നു. ഞാൻ ഗന്ധർവനിലെ പ്രധാന നടനായ നിതീഷ് ഭരദ്വാജും ഒപ്പമുണ്ടായിരുന്നു. പപ്പേട്ടൻ പോയി എന്ന് ഡോക്‌ടർ കൂടിയായ അദ്ദേഹം അറിയിച്ചു.
അദ്ദേഹത്തിന്റെ സംസ്‌കാരത്തിൽ പങ്കെടുത്ത് മടങ്ങവേ അപ്രതീക്ഷിതമായി ഒരു അപകടം പറ്റി. ഞാനും ഗാന്ധിമതി ബാലനുമായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്. അതിലും ഞെട്ടിയത് ഞങ്ങൾക്ക് അപകടം പറ്റിയ അതേസമയത്തുതന്നെ പൂനെയിൽ നിതീഷിനും അപകടം സംഭവിച്ചു എന്നറിഞ്ഞപ്പോഴാണ്. സിനിമ ആരംഭിക്കുന്നതിന് മുൻപ് പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആ കഥ സിനിമയാക്കരുത്, ഗന്ധർവശാപം ഉണ്ടാകും എന്ന് പലരും പറഞ്ഞു. പക്ഷേ ഞാൻ അതൊന്നും വകവച്ചിരുന്നില്ല. പിന്നീടൊരിക്കൽ മറ്റൊരു സംഭവവും നടന്നു. ആദ്യം അപകടം നടന്ന സ്ഥലത്ത് കൂടി യാത്ര ചെയ്യവേ വീണ്ടും അപകടമുണ്ടായി. ശരിക്കും ഗന്ധർവന്റെ ശാപം ഉണ്ടായോ എന്നറിയില്ല'- മോഹൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |