
വീട്ടുകാരിൽ നിന്ന് പീഡനം നേരിടുന്നെന്ന ആരോപണവുമായി നടി തനുശ്രീ ദത്ത. തന്നെ ആരെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടി രംഗത്തെത്തിയത്. ജോലിക്കാർ തന്റെ സാധനങ്ങൾ മോഷ്ടിച്ചെന്നടക്കം നടി ആരോപിക്കുന്നു.
ഈ ഉപദ്രവങ്ങൾ മൂലം തനിക്ക് വയ്യാതായെന്നും 2018 മുതലാണ് ഇത് ആരംഭിച്ചതെന്നുമുള്ള അടിക്കുറിപ്പിനൊപ്പമാണ് തനുശ്രീ ദത്ത വീഡിയോ പങ്കുവച്ചത്. 'വീട്ടിൽ തനിക്ക് സഹായികളെ വയ്ക്കാൻ കഴിയുന്നില്ല. വീടാകെ അലങ്കോലമായി കിടക്കുകയാണ്. അതുകൊണ്ട് ജോലി ശരിയായി ചെയ്യാനാകുന്നില്ല. വീട്ടുകാർ ഏർപ്പാടാക്കിയ ജോലിക്കാരാണ് ഇവിടെ ഉള്ളത്. അവർ എന്റെ സാധനങ്ങൾ മോഷ്ടിക്കുന്നു. കിടപ്പുമുറിയുടെ വാതിലിൽ വന്ന് ആളുകൾ മുട്ടുന്നു. ആരെങ്കിലും വന്ന് എന്നെ രക്ഷിക്കൂ. എനിക്ക് മടുത്തൂ."- എന്നാണ് തനുശ്രീ പൊട്ടിക്കരഞ്ഞുകൊണ്ട് വീഡിയോയിൽ പറയുന്നത്.
താൻ പൊലീസിൽ വിവരമറിയിച്ചെന്നും നടി വ്യക്തമാക്കി. പൊലീസ് വീട്ടിലെത്തി. ഔദ്യോഗികമായി പരാതി നൽകാൻ അവർ ആവശ്യപ്പെട്ടെന്നും നടി വ്യക്തമാക്കി. 2018ൽ മീടൂ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് വീട്ടുകാർ ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയതെന്നും തനുശ്രീ കൂട്ടിച്ചേർത്തു. നടൻ നാനാ പടേക്കർക്കെതിരെ 2018ൽ നടി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇത് എറെ ചർച്ചയാകുകയും ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |