പൃഥ്വിരാജിന്റെ ഗോൾഡ് ഡിസം. 1ന്
2ന് 7ചിത്രങ്ങൾ
ഡിസംബർ മാസത്തിലെ ആദ്യ റിലീസ് ഡിസംബർ 1ന്. പൃഥ്വിരാജ് , നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് ഒന്നിന് തിയേറ്ററിൽ എത്തും. വൻതാരനിരയിൽ ഒരുങ്ങുന്ന ഗോൾഡ് ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ദി ടീച്ചർ, വാതിൽ, സൗദി വെള്ളക്ക, ലൂയിസ്, പൊരിവെയിൽ, പ്രതി നിരപരാധിയാണോ? , ഖെദ്ദ എന്നീ ചിത്രങ്ങളാണ് 2ന് റിലീസ് ചെയ്യുന്നത്. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന അമലപോളിന്റെ മലയാള ചിത്രമായ ടീച്ചർ വിവേക് സംവിധാനം ചെയ്യുന്നു. സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിൽ എന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, അനുസിതാര, കൃഷ്ണശങ്കർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒാപ്പറേഷൻ ജാവയുടെ വൻ വിജയത്തിനുശേഷം തരുൺമൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്ക ടൈറ്റിൽ പുതുമ കൊണ്ട് തന്നെ ശ്രദ്ധ ആകർഷിക്കുന്നു.
ലുക്മാൻ, ദേവിവർമ്മ , സുധികോപ്പ, ശ്രിദ്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂയിസ് നവാഗതനായ ഷാബു ഉസ്മാൻ സംവിധാനം ചെയ്യുന്നു. പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ കെ. ഷമീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി മനുഷ്യൻ. മനോജ് കാന രചനയും സംവിധാനവും നിർവഹിക്കുന്ന ഖെദ്ദയിൽ ആശ ശരത്തും മകൾ ഉത്തര ശരത്തുമാണ് പ്രധാന വേഷത്തിൽ. സുനിൽ പൊറ്റമ്മൽ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രതി നിരപരാധിയാണോ ? എന്ന ചിത്രത്തിൽ ഇന്ദ്രൻസ് പ്രധാന വേഷത്തിൽ എത്തുന്നു.
ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ എ.ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന വാമനൻ 9ന് റിലീസ് ചെയ്യും. ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ്. ധ്യാൻ ശ്രീനിവാസൻ , ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സാഗർ ഹരി സംവിധാനം ചെയ്യുന്ന വീകം 9ന് റിലീസ് ചെയ്യും.
ഷൈൻ ടോം ചാക്കോ, ബിനുപപ്പു, എം.എ. നിഷാദ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ് 9ന് റിലീസ് ചെയ്യും.
പാൻ ഇന്ത്യൻ ചിത്രമായ വിജയാനന്ദ 9ന് എത്തുന്നു.ലെനയെ നായികയാക്കി അബ്ദുൾ റഹ്മാൻ സംവിധാനം ചെയ്യുന്ന വനിത 16ന് തിയേറ്ററിൽ എത്തും. ഇടവേളയ്ക്കുശേഷം ഭാവന അഭിനയിക്കുന്ന ന്റക്കാക്കാക്കൊരു പ്രേമണ്ടാർന്ന് 16ന് റിലീസ് ചെയ്യും. ഭാവനയോടൊപ്പം ഷറഫുദ്ദുനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സഹോദരി സഹോദരബന്ധമാണ് പ്രമേയം.
ആദിൽ മൈനൂനത്ത് അഷ്റഫ് ആണ് സംവിധാനവും തിരക്കഥയും ചിത്രസംയോജനവും.
ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും സംവിധായക അരങ്ങേറ്റം നടത്തുന്ന വെടിക്കെട്ട് 22ന് റിലീസ് ചെയ്യാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |