തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ താൻ ജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ശശി തരൂർ. അക്കാര്യത്തിൽ പാർട്ടി പ്രവർത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കും എൽഡിഎഫിനും ഇടയിൽ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ് നടന്നത്. നഗരപരിധിയിൽ എണ്ണം ചുരുങ്ങിപ്പോയത് എന്തുകൊണ്ടാണെന്ന് ചിലർചോദിക്കുന്നുണ്ട്. അത് ആരെ ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. ബിജെപിയ‌്ക്ക് വോട്ട് കൊടുക്കണ്ട എന്ന് കരുതി വോട്ടർമാർ വരാതിരുന്നതാകാം.
കേരളത്തിൽ മാത്രമല്ല, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുവരെ കേൾക്കുന്ന വാർത്ത ഞങ്ങൾക്ക് അനുകൂലമാണ്. ഭരണമാറ്റത്തിനുള്ള സാദ്ധ്യത ശക്തമായി നിൽക്കുന്നുണ്ടെന്നാണ് മനസിലാകുന്നതെന്നും തരൂർ പ്രതികരിച്ചു.
വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന്റെ ചൂട് വോട്ടെടുപ്പിലും പ്രതിഫലിപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനജില്ലയിൽ മെച്ചപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ നടന്ന വോട്ടെടുപ്പിൽ വൈകിട്ട് 8.15 വരെ ലഭ്യമായ കണക്കനുസരിച്ച് ശക്തമായ ത്രകോണ മത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തിൽ 66.43 ശതമാനമാണ് ശരാശരി പോളിംഗ്.ആറ്റിങ്ങൽ മണ്ഡലത്തിൽ നടന്നത് 69.40 ശതമാനമാണ്. അവസാന കണക്ക് വരുമ്പോൾ പോളിംഗ് ശതമാനം ഇനിയും കൂടും.2019 ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ 73.23 ശതമാനവും ആറ്റിങ്ങൽ മണ്ഡലത്തിൽ 74.4 ശതമാനവുമായിരുന്നു പോളിംഗ്.
വോട്ടെടുപ്പ് തീരുന്നതിന് ഒരു മണിക്കൂർ മുമ്പേ തലസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളിലും 60 ശതമാനത്തിനുമേൽ പോളിംഗ് രേഖപ്പെടുത്തി. ഇക്കുറിയുള്ള കണക്കുകൾ 2019 ലെ പോളിംഗിന് ഒപ്പമെത്തിയിട്ടില്ല എന്നതിനാൽ വിജയം ആർക്കൊപ്പമാകുമെന്നതിലാണ് ആകാംക്ഷ. രണ്ടു മണ്ഡലങ്ങളിലും ത്രകോണ മത്സരമായതിനാൽ പോളിംഗ് ശതമാനക്കണക്കിൽ മൂന്ന് മുന്നണികളും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
രാവിലെ ആറര മുതൽ സ്ത്രീകളടക്കമുള്ളവർ ബൂത്തുകളിൽ എത്തിയിരുന്നു . സാധാരണ തിരഞ്ഞെടുപ്പുകളിൽ പത്ത് മണി കഴിഞ്ഞു മാത്രം അനുഭവപ്പെടാറുള്ള ക്യൂവാണ് തുടക്കം മുതലുണ്ടായത്. നഗരത്തിലെ ബൂത്തുകളിലും വട്ടിയൂർക്കാവ്, നേമം ഭാഗങ്ങളിലും പൊതുവെ തിരക്ക് കുറവായിരുന്നു. എന്നാൽ തീരദേശത്തെ പൂന്തുറ, ബീമാപള്ളി, വേളി പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ടും വൻ തിരക്കായിരുന്നു. പോളിംഗ് സമയം അവസാനിച്ചശേഷവും ചില ബൂത്തുകളിലും നീണ്ട ക്യൂ ശേഷിച്ചു. വൈകിട്ട് 6 മണി വരെ എത്തിയവർക്ക് സ്ളിപ്പ് നൽകിയാണ് വോട്ടുചെയ്യാൻ അനുവദിച്ചത്.
രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് തുടങ്ങി രണ്ടുമണിക്കൂറിനുള്ളിൽ പത്തുശതമാനത്തിനടുത്തെത്തി. ഉച്ചയ്ക്ക് പതിനൊന്ന് മണിവരെയായിരുന്നു ഏറ്റവും ശക്തമായ നിലയിൽ പോളിംഗ് നടന്നത്. ഉച്ച വെയിൽ കനത്തതോടെ ബൂത്തുകളിൽ തിരക്ക് കുറഞ്ഞെങ്കിലും പിന്നീട് സജീവമായി.
വർക്കലയിലെയും ചിറയിൻകീഴിലെയും തീരദേശത്തു തുടങ്ങി അരുവിക്കരയിലെയും വാമനപുരത്തെയും മലയോരമേഖലയിൽ ചെന്നെത്തുന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ ചില ബൂത്തുകളിൽ മെഷീൻ തകരാർ കാരണം വോട്ടിംഗ് വൈകിയതും ചുരുക്കം ചിലയിടങ്ങളിൽ നടന്ന വാക്കുതർക്കങ്ങളുമാണ് കല്ലുകടിയായത്. തീരദേശത്തെയും മലയോരങ്ങളിലെയും സമ്മതിദായകരാണ് തുടക്കത്തിൽ ബൂത്തുകളിലെത്താൻ കൂടുതൽ ആവേശം കാട്ടിയത്.
വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്ക് പോളിംഗിൽ ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയിരുന്നു. രാവിലെ 5.30നാണ് മോക്ക് പോളിംഗ് ആരംഭിച്ചത്. ചിലയിടങ്ങളിൽ വിവിപാറ്റ് മെഷീനും ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രവും തകരാറിലായി. ഉടനെ പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടർന്നു.
ആറ്രിങ്ങൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി പെരുങ്ങുഴി ഗവ.ഹൈസ്‌കൂളിലും വോട്ട് ചെയ്ത ശേഷമാണ് ബൂത്തുകൾ സന്ദർശിക്കാനിറങ്ങിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർപ്രകാശ് അടൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ ബൂത്തിൽ വോട്ടുരേഖപ്പെടുത്തിയ ശേഷമാണ് മണ്ഡലത്തിലെ ബൂത്ത് സന്ദർശനത്തിനെത്തിയത്.എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ ഉള്ളൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്ദർശത്തിനു ശേഷം ഉള്ളൂർ കൊട്ടാരം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തുടർന്ന് ബൂത്ത് സന്ദർശനത്തിനിറങ്ങി.
തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ കോട്ടൺഹിൽ സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം ബൂത്തുകൾ സന്ദർശിക്കാനിറങ്ങി. എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കണ്ണൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിമാനത്തിൽ തലസ്ഥാനത്തെത്തി. തുടർന്ന് വിവിധ മണ്ഡലങ്ങളിലെ ബൂത്തുകളിൽ സന്ദർശനം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ രാവിലെ പത്മനാഭസ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, വെട്ടുകാട് പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. അദ്ദേഹത്തിന്റെ വോട്ട് ബാംഗ്ലൂരിൽ ആയതിനാൽ ചെയ്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |