ഇതുവരെ കാണാത്ത പൊലീസ് വേഷത്തിൽ മമ്മൂട്ടി
എനിക്ക് സൃഷ്ടിയുമില്ല, സ്ഥിതിയുമില്ല . സംഹാരം മാത്രമേയുള്ളു. കാരണം ഞാൻ സംഹാരമൂർത്തിയാണ്. മമ്മൂട്ടിയുടെ ഡയലോഗിന് പ്രേക്ഷകരുടെ നിറഞ്ഞ കൈയടികൾ. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ എന്ന ചിത്രത്തിൽ ക്രിസ്റ്റഫർ ആന്റണി ആയി തുടക്കംമുതൽ അവസാനംവരെ മമ്മൂട്ടിയുടെ വൺ മാൻ ഷോ കാണാം.
മലയാളത്തിലെ മികച്ച ത്രില്ലർ ചിത്രങ്ങളുടെ നിരയിൽ ക്രിസ്റ്റഫർ ഉണ്ടാകും. ഇതുവരെ മമ്മൂട്ടി ചെയ്ത പൊലീസ് കഥാപാത്രങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ക്രിസ്റ്റഫർ ആന്റണി. വൈകിയ നീതി നീതി നിഷേധമാണ് എന്ന് ക്രിസ്റ്റർ ഒാർമ്മപ്പെടുത്തുന്നു. ഇന്നത്തെ സമൂഹത്തിൽ പറയേണ്ട ചർച്ച ചെയ്യേണ്ട വിഷയമാണ് ക്രിസ്റ്റഫർ സംസാരിക്കുന്നത്. സാമൂഹിക പ്രസക്തിയിൽ ക്ളാസ് സിനിമ എന്ന് ക്രിസ്റ്റഫറിനെ വിശേഷിപ്പിക്കാൻ കഴിയും. സ്ഥിരം കാണുന്ന മാസ് അപ്പീൽ അല്ലാതെ പുതിയൊരു മേക്കിംഗ് രീതി പുതുമ നൽകുന്നു. സ്ത്രീകളെ പീഡിപ്പിച്ചുകൊല്ലുന്നവർക്കെതിരെയും അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെയും ക്രിസ്റ്റഫർ കാഞ്ചി വലിക്കും. പൊലീസിനോടും നിയമത്തോടും വിശ്വാസമില്ലാത്ത ജനങ്ങൾ ക്രിസ്റ്റഫറിൽ വിശ്വസിക്കുന്നു. മമ്മൂട്ടി എന്ന നടനെ ബി. ഉണ്ണിക്കൃഷ്ണൻ കഥയ്ക്ക് ആവശ്യമുള്ള രീതിയിൽ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്.മമ്മൂട്ടിയുടെ സ്വാഗും പശ്ചാത്തല സംഗീതവുമാണ് ക്രിസ്റ്റഫറിന്റെ ഹൈലൈറ്റ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി, പ്രതിനായകനായി എത്തിയ തെന്നിന്ത്യൻ താരം വിനയ് റായ് , ശരത് കുമാർ, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ദിലീഷ് പോത്തൻ ,ജിനു ഏബ്രഹാം, വിനീത കോശി തുടങ്ങി എല്ലാവരും കഥാപാത്രത്തോട് നീതി പുലർത്തി. ഉദയകൃഷ്ണയുടെ തിരക്കഥ മികച്ചു നിന്നു. ഫയസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം. ആർ.ഡി ഇല്യുമിനേഷൻസ് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |