പ്രതിസന്ധികളിലും ഇന്ത്യ ഡോളർ വാങ്ങി കൂട്ടുന്നു
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഉയരുന്നു. ജൂലായ് 25ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 270.3 കോടി ഡോളർ വർദ്ധിച്ച് 69,819.2 കോടി ഡോളറിലെത്തി. കഴിഞ്ഞ മൂന്ന് ആഴ്‌ചകളിലും വിദേശ നാണയ ശേഖരത്തിൽ കുറവുണ്ടായിരുന്നു. രൂപയുടെ മൂല്യത്തകർച്ച ഒഴിവാക്കാനായി പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വലിയ തോതിൽ അമേരിക്കൻ ഡോളർ വിപണിയിൽ നിന്ന് വാങ്ങിയതാണ് വിദേശ നാണയ ശേഖരം ഉയരാൻ കാരണമായത്. ഇതോടൊപ്പം ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം സൃഷ്‌ടിക്കാനിടയുള്ള സാമ്പത്തിക അനിശ്ചിതത്വം നേരിടാൻ റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നതും അനുകൂല ഘടകമാണ്. ഡോളർ, യെൻ, യൂറോ തുടങ്ങിയവ അടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം അവലോകന കാലയളവിൽ 131.6 കോടി ഡോളർ ഉയർന്ന് 58,832.36 കോടി ഡോളറായി. സ്വർണത്തിന്റെ മൂല്യം 120.6 കോടി ഡോളർ ഉയർന്ന് 8,570 കോടി ഡോളറിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |