എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ ചെന്നൈയിൽ
അജിത് നായകനാകുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ നായിക. തല 61 എന്നു താത്കാലികമായി പേരിട്ട ചിത്രം എച്ച്. വിനോദ് സംവിധാനം ചെയ്യുന്നു. അജിത്തിന്റെ കഴിഞ്ഞ ചിത്രമായ വലിമൈ സംവിധാനം ചെയ്തതും എച്ച്. വിനോദാണ്. ഒരു ബാങ്ക് കൊള്ളയാണ് അജിത്- എച്ച്. വിനോദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പ്രമേയം എന്നാണ് വിവരം. ഹൈദരാബാദിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. ഈ ഷെഡ്യൂളിൽ അജിത് അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളിൽ മഞ്ജു വാര്യർ ജോയിൻ ചെയ്യുമെന്നാണ് വിവരം. ചെന്നൈയിലാണ് രണ്ടാമത്തെ ഷെഡ്യൂൾ.അജിത്തും മഞ്ജു വാര്യരും ആദ്യമായാണ് ഒന്നിക്കുന്നത്. ധനുഷ് നായകനായ വെട്രിമാരൻ ചിത്രം അസുരനിലൂടെയാണ് മഞ്ജു വാര്യർ തമിഴ് അരങ്ങേറ്റം നടത്തിയത്. 2019ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മഞ്ജു വാര്യർ അസാധാരണമായ പ്രകടനം കാഴ്ചവച്ചു.തുടർന്ന് തമിഴിൽനിന്ന് നിരവധി അവസരം വന്നെങ്കിലും മഞ്ജു വാര്യർ അഭിനയിച്ചില്ല. മലയാളത്തിൽ മേരീ ആവാസ് സുനോ, ജാക്ക് എൻ ജിൽ, കയറ്റം, ആയിഷ, പടവെട്ട്, വെള്ളരിപട്ടണം എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന മഞ്ജുവാര്യർ ചിത്രങ്ങൾ. വേണു സംവിധാനം ചെയ്യുന്ന കാപ്പ ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന മഞ്ജു വാര്യർ ചിത്രം. മേയ് 17ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |